ChuttuvattomThodupuzha

റോഡിൽ ഇറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്

തൊടുപുഴ: മുള്ളരിങ്ങാട് വീണ്ടും കാട്ടാന ഇറങ്ങി. റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. മുളളരിങ്ങാട് ചാമപ്പാറയിൽ പ്രസാദ്,കുറുമ്പനയ്ക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 10.30യോടെയാണ് അപകടത്തിൽപ്പെട്ടത്. പൈങ്ങോട്ടൂരില്‍ നിന്ന് മുള്ളരിങ്ങാടിന് വരുന്നവഴിക്ക് ചാത്തമറ്റത്തു റോഡില്‍ നില്‍ക്കുന്ന ആനയെ കാണുന്നത്. ഭയന്ന ഇവര്‍  പെട്ടന്ന് വാഹനം എതിര്‍ വശത്തേയ്ക്ക് വെട്ടിക്കുകയും റോഡരികില്‍ കൂട്ടിയിട്ടിരുന്ന ജലനിധി പൈപ്പില്‍ കയറി മറിയുകയുമായിരുന്നു. വാഹനത്തിനും വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു.

മുള്ളരിങ്ങാട് പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണെന്നും ഇതിനെ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മാസങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ വനം വകുപ്പ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സമരത്തെ തുടര്‍ന്ന് മൂന്നു കിലോമീറ്റര്‍ ഭാഗത്ത് വേലികെട്ടിയിരുന്നു. എന്നാല്‍ ഒരുവശത്തുമാത്രം വേലികെട്ടിയതുകൊണ്ട്  പ്രയോജനം ഉണ്ടായില്ല.റോഡില്‍ സോളാര്‍ ലൈറ്റും റോഡിനുരുവശവും വേലിയും നിര്‍മ്മിച്ച് വനവും റോഡും തമ്മില്‍ വേര്‍തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വനംവകപ്പ് അനങ്ങാപ്പാറനയമാണ് തുടരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. തെങ്ങും,റബറും ഉള്‍പ്പെടെ സര്‍വത്ര കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും നശിപ്പിച്ചിട്ടും ഇവയെനിയന്ത്രിക്കാന്‍ തയാറാകാത്ത വനംവകുപ്പു നടപടിയില്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകരെന്ന് പഞ്ചായത്ത് അംഗം ജിജോ ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!