Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് ; കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : തുടര്‍ഭരണം നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ ജനകീയ വികസന മാതൃകയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ കാലയളവില്‍ സര്‍ക്കാരിനു സാധിച്ചുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയെത്തിയ വിവരവും മുഖ്യമന്ത്രി കുറിച്ചു. കൊച്ചി വാട്ടര്‍ മെട്രോയും ദേശീയ പാത വികസനം വ്യവസായ മേഖലയുടെയും പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള മേഖലകളുടെ വികസനവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ വികസനവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാന്‍ സര്‍ക്കാരിനു ഊര്‍ജ്ജവും പ്രചോദനവും പകരുന്നത് എന്നും പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചിട്ടും മുന്നോട്ടുപോകാന്‍ നമുക്കാകുന്നത് സര്‍ക്കാരും ജനങ്ങളും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്

തുടര്‍ഭരണം നേടി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ ജനകീയ വികസന മാതൃകയെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ കാലയളവില്‍ സര്‍ക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികള്‍ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്.സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ നാടിനെ ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയെത്തി. കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ പാത വികസനം ദ്രുതഗതിയില്‍ മുന്നേറുന്നു. സംരംഭക വര്‍ഷം ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമാകുന്നു. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഐടിയില്‍ വന്‍കിട കമ്പനികള്‍ നിക്ഷേപങ്ങള്‍ ആയി വരികയും സ്റ്റാര്‍ട്ടപ്പ് മേഖല അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും കാരുണ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികളില്‍ രാജ്യത്തിനു മാതൃകയായി.

ഭരണ നിര്‍വ്വഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നീതി ആയോഗ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങള്‍ തേടിയെത്തി. ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാന്‍ സര്‍ക്കാരിനു ഊര്‍ജ്ജവും പ്രചോദനവും പകരുന്നത്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികള്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാന്‍ നമുക്കാകുന്നത് സര്‍ക്കാരും ജനങ്ങളും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്നതിനാലാണ്. വര്‍ഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്‌പ്പെടുത്തിയപ്പോളും ജനാധിപത്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയര്‍ത്തിപ്പിടിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകള്‍ മുറുകെച്ചേര്‍ത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി നമുക്ക് പ്രയത്‌നിക്കാം. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാം. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ നാടിന്റെ നന്മയാഗ്രഹിച്ച് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ഏവര്‍ക്കും ഹൃദയപൂര്‍വ്വം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

 

 

 

Related Articles

Back to top button
error: Content is protected !!