Thodupuzha

രണ്ടാംഘട്ട മാപ്പത്തോണ്‍; ജില്ലാതല ആലോചനാ യോഗം അഞ്ചിന്

 

തൊടുപുഴ:പശ്ചിമഘട്ടത്തിലെ അരുവികളുടെയും നീര്‍ച്ചാലുകളുടെയുമെല്ലാം വീണ്ടെടുക്കലും ശാസ്ത്രീയമായ സംരക്ഷണവുമെല്ലാം ഉറപ്പാക്കുന്നതിനുള്ള മാപ്പത്തോണ്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ജില്ലയിലാകെ വ്യാപിപ്പിക്കുന്നു.നവകേരളം പ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെക്കൂടി പങ്കെടുപ്പിച്ചു കാമ്പെയിന്‍ രീതിയിലായിരിക്കും മാപ്പത്തോണ്‍ പദ്ധതി നടപ്പാക്കുക.
ഇതിന്റെ ഭാഗമായുള്ള മാപ്പത്തോണ്‍ ശില്‍പ്പശാല ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ അഞ്ചിന് രാവിലെ 10.30ന് ജില്ലാ കലക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടത്തും.ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ളവര്‍ സംബന്ധിക്കും. ജില്ലയില്‍ തൊടുപുഴ ബ്ലോക്കിലെ മണക്കാട്, പുറപ്പുഴ,കുമാരമംഗലം,കരിങ്കുന്നം പഞ്ചായത്തുകളിലൊഴികെ ജില്ലയിലെ 48 പഞ്ചായത്തുകളിലും മാപ്പത്തോണ്‍ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്.കരിമണ്ണൂര്‍ പഞ്ചായത്തില്‍ പരീക്ഷണാര്‍ഥം നടത്തിയ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നവകേരളം മിഷന്‍ ഐ.ടി. മിഷനുമായി ചേര്‍ന്ന് നടത്തുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാപ്പത്തോണ്‍ ജില്ലയിലും നടത്തുന്നത്. മനുഷ്യരുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് മാപ്പത്തോണ്‍ പദ്ധതിയുടെ ലക്ഷ്യം. മാപ്പത്തോണ്‍ സമ്പൂര്‍ണമാക്കി അത് ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറും.ഓരോ പ്രദേശത്തെയും വിവിധ നീര്‍ച്ചാലുകളിലുടെ സഞ്ചരിച്ച് ഓപ്പണ്‍ സ്ട്രീം ട്രാക്കര്‍ മാപ്പിംഗിലൂടെ അരുവികളെയും തോടുകളേയും നീര്‍ച്ചാലുകളെയുമെല്ലാം ഡിജിറ്റലായി അടയാളപ്പെടുത്തുന്നതാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനമെന്ന് നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി. ആര്‍. രാജേഷ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!