Thodupuzha

ജില്ലയില്‍ ആറു റേഷന്‍കടകള്‍ കെ-സ്റ്റോറാകും

തൊടുപുഴ: റേഷന്‍കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ ആറു റേഷന്‍കടകള്‍ ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകളാകും.പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് റേഷന്‍കടകളെ വൈവിധ്യവത്കരിച്ച്‌ കെ-സ്റ്റോറുകളാക്കുന്നത്. 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള ബാങ്കിംഗ് സൗകര്യം, പൊതുജന സേവനകേന്ദ്രം, സപ്ലൈകോ ശബരി ഉത്പന്നങ്ങള്‍, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന, മിനി എല്‍പിജി സിലിണ്ടറുകള്‍ എന്നിവയാണ് കെ-സ്റ്റോറുകളാകുന്ന റേഷന്‍കടകളില്‍ അധികമായി ലഭിക്കുന്ന സേവനങ്ങള്‍.
ഇടുക്കി താലൂക്കില്‍ രണ്ടും മറ്റു താലൂക്കുകളില്‍ ഓരോ റേഷന്‍കടകളുമാണ് കെ-സ്റ്റോറുകളാക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളും മറ്റും ലഭ്യമല്ലാത്ത ഉള്‍നാടന്‍ മേഖലകളിലെ റേഷന്‍കടകളാണ് ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകളാക്കുന്നത്.
തൊടുപുഴ താലൂക്കില്‍ ഈസ്റ്റ് കലൂര്‍, ഉടുന്പന്‍ചോല താലൂക്കില്‍ കരുണാപുരം പാറക്കടവ്, പീരുമേട്ടില്‍ പുള്ളിക്കാനം, ദേവികുളത്ത് മൂന്നാര്‍ നെറ്റിക്കുടി, ഇടുക്കി താലൂക്കില്‍ കട്ടപ്പന മേട്ടുക്കുഴി, മരിയാപുരം അന്പലമേട് എന്നിവിടങ്ങളിലെ റേഷന്‍കടകളാണ് ആദ്യഘട്ടത്തില്‍ കെ-സ്റ്റോറുകളാക്കുന്നത്. ഇവയുടെ ഉദ്ഘാടനം ഇന്നു മുതല്‍ ഘട്ടം ഘട്ടമായി നടത്തും.
സംസ്ഥാനതലത്തില്‍ ആദ്യ ഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മതിയായ കെട്ടിടവും സ്ഥലസൗകര്യവും ഉള്ള റേഷന്‍കടകളാണ് കെ-സ്റ്റോറുകളാക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ ചോര്‍ച്ച പൂര്‍ണമായി തടയുന്നതിനും വാതില്‍പ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ജിപിഎസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കും.
ഇതിനായി റേഷന്‍കടയുടമയ്ക്ക് സ്വന്തമായി ലാപ്ടോപ്പ് സൗകര്യവും ഉണ്ടായിരിക്കണം. കെ-സ്റ്റോറുകളാകുന്നതോടെ റേഷന്‍കടകളുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്.
സംസ്ഥാനതലത്തില്‍ ആദ്യ ഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഈ സാന്പത്തിക വര്‍ഷം 1000 കെ-സ്റ്റോറുകള്‍ ആരംഭിക്കും. ഘട്ടം ഘട്ടമായി മുഴുവന്‍ റേഷന്‍കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!