Thodupuzha

ചെറുകിട വ്യവസായ മേഖല:  ഉത്തേജന പാക്കേജ് കൊണ്ടുവരണമെന്ന്   

 

 

 

തൊടുപുഴ: കോവിഡ് മഹാമാരി മൂലമുണ്ടായ വ്യാപാര മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ ബജറ്റിലൂടെ ഉത്തേജന പാക്കേജ് കൊണ്ടുവരണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രതിദിനം തൊഴില്‍ നല്‍കുന്ന ചെറുകിട വ്യവസായമേഖല അതിജീവനത്തിനായി ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. സര്‍ക്കാര്‍ ചെറുകിട വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് വേണ്ടി നിരവധി പാക്കേജുകള്‍ മുന്‍പ് കൊണ്ടു വന്നിട്ടുണ്ടെങ്കിലും അതിന്റെ ഗുണം വ്യവസായ മേഖലയ്ക്ക് കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ തുടര്‍ന്നു ലഭിക്കാതെ പോയി. വിവിധ തരം ലൈസന്‍സ് ഫീസ്, കുത്തനെ ഉയര്‍ന്ന വൈദ്യുതി, വാട്ടര്‍ ചാര്‍ജുകള്‍, ജി.എസ്.ടി , അസംസ്‌കൃത വസ്തുക്കളുടെ വില യില്‍ ഉണ്ടായ ഭീമമായ വര്‍ധനവ് തുടങ്ങിയവയെല്ലാം ചെറുകിട വ്യവസായ മേഖലയുടെ നട്ടെല്ലൊടിച്ചു. മുട്ടത്തെ വ്യവസായ പാര്‍ക്ക് നിര്‍ദിഷ്ട സ്‌പൈസസ് പാര്‍ക്ക് ആക്കി മാറ്റിയ സാഹചര്യത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് 40 ശതമാനം പരിഗണന ലഭ്യമാക്കണമെന്നും നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, ആമ്പല്‍ ജോര്‍ജ്, അപ്പച്ചന്‍ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കല്‍, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!