ChuttuvattomThodupuzha

ഉടമ്പന്നൂര്‍ കൃഷിഭവനില്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് തുടക്കമായി

ഉടുമ്പന്നൂര്‍: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ കൂടുതല്‍ ജനകീയമാക്കി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കൃഷിഭവന്‍ തലത്തില്‍ നടത്തുന്ന സോഷ്യല്‍ ഓഡിറ്റിങ്ങിന് ഉടുമ്പന്നൂര്‍ കൃഷിഭവനില്‍ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ശാന്തമ്മ ജോയി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുലൈഷാ സലീം, ബീന രവീന്ദ്രന്‍ , കൃഷി ഓഫീസര്‍ കെ.അജിമോന്‍ ,കാര്‍ഷിക വികസന സമിതിയംഗങ്ങള്‍, പാടശേഖര സമിതിയംഗങ്ങള്‍, കേര സമിതി ഭാരവാഹികള്‍, കൃഷിക്കൂട്ടം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കൃഷിഭവനിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവ പരിയപ്പെടുത്തുന്നതിനുള്ള അവസരം നല്‍കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഒരു ഗുണഭോക്താവിന്റെ ഭാഗത്ത് നിന്ന് നോക്കി കാണുന്നതിനും കൃഷിഭവന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കര്‍ഷക സൗഹ്യദമാക്കി എങ്ങനെ മാറ്റിയെടുക്കാം എന്ന നിര്‍ദ്ദേശം നല്‍കുന്നതിനും സോഷ്യല്‍ ഓഡിറ്റ് വിഭാവനം ചെയ്യുന്നു. കൃഷിഭവന്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന് പുറത്ത് നിന്നുള്ള വിവിധ മേഖലകളില്‍ അറിവും അനുഭവ പരിചയമുള്ള എട്ടുപേരടങ്ങുന്ന വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് സോഷ്യല്‍ ഓഡിറ്റിംഗ് ഉടുമ്പന്നൂര്‍ കൃഷിഭവനില്‍ നടപ്പിലാക്കുന്നത്. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.എ. ബുഷറ, കൃഷി അസിസ്റ്റന്റ് റ്റി.വൈ അനസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!