Idukki

എസ്എസ്എല്‍സി പരീക്ഷ ഫലം : ജില്ലയില്‍ 99.79 ശതമാനം വിജയം

തൊടുപുഴ : എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.79 ശതമാനം വിജയം. 1573 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.1043 പെണ്‍കുട്ടികള്‍ക്കും 530 ആണ്‍കുട്ടികള്‍ക്കുമാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്.145 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടി. ഇതില്‍ 68 സര്‍ക്കാര്‍ സ്‌കൂളുകളും 69 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3,097 പേര്‍ പരീക്ഷയെഴുതിയതില്‍ 3,079 പേര്‍ വിജയിച്ചു. 182 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 7,909 പേരാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 7903 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 1,220 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 552 പേരും വിജയിച്ചു. 171 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. ജില്ലയില്‍ 164 കേന്ദ്രങ്ങളിലായി 6,084 ആണ്‍കുട്ടികളും 5,474 പെണ്‍കുട്ടികളുമടക്കം 11,558 കുട്ടികളാണ് പരീക്ഷയെഴുതിയത്.

ഇതില്‍ 11,534 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 6,068 ആണ്‍കുട്ടികളും 5,466 പെണ്‍കുട്ടികളും വിജയിച്ചു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4,977 കുട്ടികളും കട്ടപ്പനയില്‍ 6,557 പേരുമാണ് വിജയിച്ചത്. വിജയ ശതമാനത്തില്‍ മലപ്പുറവുമായി അഞ്ചാം സ്ഥാനം പങ്കിടുകയാണ് ജില്ല. കഴിഞ്ഞ വര്‍ഷം 99.68 ആയിരുന്നു ജില്ലയിലെ വിജയശതമാനം.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസ് നൂറു ശതമാനം വിജയം നേടി. 378 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ എല്ലാവരും വിജയിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്എസ്എസിലാണ്.ഇവിടെ 354 കുട്ടികളാണ് പരീക്ഷയെഴുതിയത്.എല്ലാവരും വിജയിച്ചു. കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് എസ്ജിഎച്ച്എസ് മുക്കുളത്തായിരുന്നു. പരീക്ഷയെഴുതിയ രണ്ടുപേരും വിജയിച്ചു. മികച്ച വിജയം നേടിയ കുട്ടികളെ കളക്ടര്‍ ഷീബ ജോര്‍ജ് അഭിനന്ദിച്ചു.

 

Related Articles

Back to top button
error: Content is protected !!