Idukki

സംസ്ഥാന ബജറ്റ് : ജില്ലയെ തൊട്ടും തലോടിയും പരിഗണന ,ജില്ലയ്ക്കായുള്ള ബജറ്റ് ഒറ്റനോട്ടത്തില്‍

ഇടുക്കി: സംസ്ഥാന ബജറ്റില്‍ ഇടുക്കി ജില്ലയെ തൊട്ടും തലോടിയും പരിഗണന. കാര്‍ഷിക – ടൂറിസം മേഖലയ്ക്കാണ് പ്രധാനമായും പരിഗണന നല്‍കിയിരിക്കുന്നത്. കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ തുക വക കൊള്ളിച്ചത് ആശ്വാസകരമാണ്. പി.എസ്.സി ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണം, സുഗന്ധ വ്യഞ്ജന കൃഷി പ്രോത്സാഹനം തുടങ്ങിയ നിര്‍ദേശങ്ങളാണ് മേഖലയില്‍ എടുത്തു പറയാവുന്ന നേട്ടങ്ങള്‍. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
അതേസമയം ഏലം, കാപ്പി, കുരുമുളക്, കൊക്കോ, ഗ്രാമ്പു തുടങ്ങിയ വിളകളുടെ സംരക്ഷണത്തിനായി വകയിരുത്തിയ തുക നാമമാത്രമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കുന്നതല്ല ബജറ്റെന്നും വിലയിരുത്തപ്പെടുന്നു. ഇടുക്കി ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ അടക്കമുള്ള ഇടുക്കി ഡാം ടൂറിസം പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് 5 കോടി രൂപയാണ്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ടൂറിസം മേഖലയ്ക്കും ഉണര്‍വേകുന്ന എയര്‍ സ്ട്രിപ്പും ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനമാണ്

കാര്‍ഷിക – ടൂറിസം മേഖലയില്‍ ജില്ല മുന്നേറും: മന്ത്രി റോഷി അഗസ്റ്റിന്‍

ജില്ലയിലെ കാര്‍ഷിക – ടൂറിസം മേഖലയ്ക്ക് നല്ല നിലയിലുള്ള പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ തുക വക കൊള്ളിച്ചിരിക്കുന്നത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. ഇടുക്കി ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ അടക്കമുള്ള ഇടുക്കി ഡാം ടൂറിസം പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് 5 കോടി രൂപയാണ്. ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇതുവഴി കേരളത്തിലെ ടൂറിസത്തിന്റെ ഹബ് ആയി ഇടുക്കി മാറും. ടൂറിസം രംഗം വളരുന്നതോടെ വ്യാപാര വാണിജ്യ മേഖലകളില്‍ വലിയ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചെറുതോണി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി 5 കോടി രൂപയും ബജറ്റില്‍ അനുവദിച്ചത് ജില്ലാ ആസ്ഥാനത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഏറെ പ്രയോജനകരമാകും. എടുത്തു പറയേണ്ട മറ്റൊരു പ്രഖ്യാപനം ഇടുക്കി എയര്‍ സ്ട്രിപ്പാണ്. ഇതിനായി 1.96 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ ആസ്ഥാനത്താണ് പുതിയ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ടൂറിസം മേഖലയ്ക്കും ഉണര്‍വേകുന്നതാകും എയര്‍ സ്ട്രിപ്പ്. കട്ടപ്പനയില്‍ പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് ബജറ്റില്‍ അധിക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി 4 കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ഇടുക്കി പാക്കേജില്‍ അധികമായി 75 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്കായാണ് പാക്കേജ് അനുവദിച്ചിരിക്കുന്നത്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 48.85 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇലക്ട്രിക് ഫെന്‍സിംഗ്് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഈ തുക സഹായകമാകും. വന്യ ജീവികളുടെ കടന്നു കയറ്റം രൂക്ഷമായ മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ ഈ പ്രഖ്യാപനമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

തഴഞ്ഞും തഴയാതെയും ഹൈറേഞ്ച് മേഖല

കട്ടപ്പന: ഹൈറേഞ്ച് മേഖലയെ തഴഞ്ഞും തഴയാതെയും സംസ്ഥാന ബജറ്റ്. നിലവില്‍ കട്ടപ്പനയിലെ ഹൗസിംഗ്് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയുടെ ജില്ലാ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബജറ്റില്‍ കട്ടപ്പനയിലടക്കം ആസ്ഥാന മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിന് 5.54 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ ഐ.ടി.ഐ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ശോചനീയാവസ്ഥയിലാണ്.വണ്ടിപ്പെരിയാര്‍ എക്സൈസ് ഓഫീസിന്റെയും പീരുമേട് ആയുര്‍വേദ ആശുപത്രിയുടെയും നിര്‍മാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. ഉപ്പുതറ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം -അഞ്ച് കോടി,കണ്ണംപടി ട്രൈബല്‍ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണം -അഞ്ച് കോടി, വണ്ടിപ്പെരിയാര്‍- പശുമല- തേങ്ങാക്കല്‍-കിഴക്കേപുതുവല്‍ -ഏലപ്പാറ റോഡ്- എട്ട് കോടി, വട്ടപ്പതാല്‍- മലൈപുതുവല്‍-വെള്ളപതാല്‍-ചീന്തലാര്‍ റോഡ്- രണ്ട് കോടി, ചുരുളി-വെള്ളാരംകുന്ന് റോഡ്- മൂന്ന് കോടി,വെള്ളാരംകുന്ന്-ചെങ്കര-ശാന്തിപാലം- ചപ്പാത്ത് റോഡ് നിര്‍മാണം- അഞ്ച് കോടി എന്നിവ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളാണ്.

ജില്ലയ്ക്കായുള്ള ബജറ്റ് ഒറ്റനോട്ടത്തില്‍

* ഇടുക്കിയില്‍ പുതിയ നഴ്‌സിംഗ് കോളേജ്
* വാടക കെട്ടിടങ്ങളില്‍ പ്രവൃത്തിച്ചു വരുന്ന മൂന്നാറിലെ തൊഴില്‍/തോട്ടം മേഖലകളിലെ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തൊഴില്‍ സമുച്ചയം. 60 ലക്ഷം.
* എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ ഇടുക്കി 1.96 കോടി
* മൂന്നാറില്‍ 500 പേര്‍ക്ക് മുകളില്‍ ആളുകള്‍ക്ക് ഒത്തുകൂടാനുള്ള സൗകര്യം. വിനോദ സഞ്ചാര വികസനം ലക്ഷ്യം

* ചന്ദനകൃഷിക്ക് പ്രോത്സാഹനം. നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരും
* ഇടുക്കി പാക്കേജിന് 75 കോടി
* ഇടുക്കി അണക്കെട്ടിന്റെ പ്രതലത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ- 5 കോടി
* മാങ്കുളം പഞ്ചായത്തിലെ 40 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പുതിയ ജലവൈദ്യുത പദ്ധതിക്കായി 8 കോടി രൂപ വകയിരുത്തുന്നു
* 76.45 മില്യണ്‍ യൂണിറ്റ് വൈദ്യുതോത്പ്പാദന ശേഷിയുള്ള ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിക്കായി 10 കോടി
* പട്ടിശേരി അണക്കെട്ടിന്റെയും കനാലിന്റേയും പുനര്‍നിര്‍മാണത്തിനായി 14 കോടി രൂപ. ഇതോടൊപ്പം കാന്തല്ലൂരിലെ തലച്ചൂര്‍ കടവില്‍ തടയണയും ഫോര്‍ബെ ടാങ്കും ഇവിടെനിന്ന് പട്ടിശേരി ഡാമിലേക്ക് ചെങ്കലാര്‍ പദ്ധതിയുടെ ഡൈവര്‍ഷനും കൂടാതെ അണക്കെട്ടില്‍ സുരക്ഷ വേലി ഉള്‍പ്പടെ റിംഗ് റോഡ് നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. 10 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!