Thodupuzha

വനം വകുപ്പിന് കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: കെ.കെ ശിവരാമന്‍

തൊടുപുഴ: തുടര്‍ച്ചയായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരായി കര്‍ഷക ദ്രോഹ നടപടികളുമായി പരക്കം പായുന്ന കേരളത്തിലെ വനം വകുപ്പിന് കൂച്ചുവിലങ്ങിടാന്‍ സംസ്ഥാന ഗവ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. തങ്ങള്‍ ഉണ്ടാക്കുന്നതാണ് നിയമമെന്നും ആ നിയമം മാത്രമേ ഞങ്ങള്‍ക്ക് ബാധകമാകുകയുള്ളുവെന്ന അഹന്ത നിറഞ്ഞ സമീപനമാണ് വനം വകുപ്പിനുള്ളത്. രാവും പകലും അധ്വാനിക്കുന്ന കൃഷിക്കാരെ എങ്ങനെയൊക്കെ ദ്രോഹിക്കണമെന്നാണ് ഇവര്‍ ഗവേഷണം നടത്തുന്നത്. ചിന്നം വിളിച്ച് കര്‍ഷക ഭൂമിയിലേക്ക് ഇറങ്ങി കൃഷികള്‍ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിച്ച് കൊല്ലുകയും ചെയ്യുന്ന കാട്ടാനകള്‍ക്ക് സമാനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുഞ്ചിത്തണ്ണിയിലെ 87 ഏക്കര്‍ റവന്യൂ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചത് അങ്ങേയറ്റം നിയമവിരുദ്ധമാണ്. എച്ച്.എന്‍.എല്ലിന് പാട്ടത്തിന് നല്‍കിയ സ്ഥലം പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ റവന്യൂ വകുപ്പില്‍ നിഷിപ്തമാകേണ്ടതാണ്. ഈ ഭൂമിയാണ് റിസര്‍വ് വനമാണെന്ന് വനം വകുപ്പുകാര്‍ പറയുന്നത്. കൈവശ ഭൂമിയില്‍ കൃഷി ചെയ്യുന്ന കൃഷിക്കാരുടെ ദേഹണ്ഡങ്ങള്‍ സ്ഥിരമായി വെട്ടിനശിപ്പിക്കുന്നത് വനം വകുപ്പിന് ഒരു വിനോദമായി മാറിയിരിക്കുകയാണ്. വനം വകുപ്പിന്റെ ഭൂമി ജണ്ടയിട്ട് അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കിലും കൃഷിക്കാരുടെ ഭൂമിയിലേക്കിറങ്ങി പലയിടങ്ങളിലും ഇവര്‍ പുതിയ ജണ്ടകള്‍ ഇടുന്നു. പട്ടയം കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കുന്നതിനായി കോടതികള്‍ കയറിയിറങ്ങി കേസുകള്‍ നല്‍കുന്നതും പതിവായിരിക്കുകയാണ്. ഇത്തരക്കാരെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിധേയമായി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ശിവരാമന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!