IdukkiLocal Live

ഇടുക്കിക്ക് അത്യാധുനിക കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റ്

ഇടുക്കി: അത്യാധുനിക കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റ് ഇടുക്കിക്ക് സ്വന്തം. പുതിയ റിഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ക്കിണറിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായാണ് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത്. ഇതുവഴി ആശുപത്രിയിലേക്ക് ഡയാലിസിസിന് ആവശ്യമായ ജലം ഉറപ്പാക്കും. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും റോഷി പറഞ്ഞു.

ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്ന് 79,238 രൂപ ചെലവഴിച്ചാണ് കുഴല്‍ക്കിണര്‍ നിര്‍മാണം. രണ്ടു വാഹനങ്ങളിലായാണ് കുഴല്‍ക്കിണര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 505 അടിയോളം ആഴത്തില്‍ റിഗ് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഇതിലുണ്ട്. ഭൂജല വകുപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ആറു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും അതോടൊപ്പം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാനും പുതിയ യൂണിറ്റുകള്‍ ഉപയോഗിച്ച് സാധിക്കും.കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍നിന്ന് 6.74 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളുള്ളതും കുറഞ്ഞ സമയത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതുമായ റിഗുകള്‍ വാങ്ങിയത്.13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വകുപ്പിന് പുതിയ റിഗുകള്‍ ലഭിക്കുന്നത്. ഇന്‍ഡോറിലുള്ള ശ്രീകൃഷ്ണ എന്‍ജിനിയറിംഗ് ആന്‍ഡ് ഹൈഡ്രോളിക് കമ്പനിയാണ് റിഗുകള്‍ നിര്‍മിച്ചു നല്‍കിയത്.

 

Related Articles

Back to top button
error: Content is protected !!