Thodupuzha

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ഗ്രൂപ്പ് 13 മത്സരങ്ങള്‍ക്ക് ഇന്ന് തൊടുപുഴയില്‍ തുടക്കമാകും

തൊടുപുഴ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ 64-ാം പതിപ്പിനോടനൂബന്ധിച്ച് നടത്തുന്ന ഗ്രൂപ്പ് 13 മത്സരങ്ങള്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തൊടുപുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നായി 750-ലേറെ കായികതാരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 9.30-ന് തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിക്കും. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ബിന്ദു, സംസ്ഥാന സ്‌കൂള്‍ സ്‌പോട്‌സ് ഓര്‍ഗനേസര്‍ എല്‍.ഹരീഷ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
റോളര്‍ സ്‌കേറ്റിങ് (സീനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്), സൈക്ലിങ് (സീനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്), പവര്‍ ലിഫ്ടിങ് (സീനിയര്‍ ബോയ്‌സ് അന്‍ഡ് ഗേള്‍സ്), ഷൂട്ടിങ് (ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ബോയ്‌സ്, ഗേള്‍സ്) എന്നീ മത്സരങ്ങളാണ് നടത്തുന്നത്. റോളര്‍ സ്‌കേറ്റിങ് റോഡ് മത്സരങ്ങള്‍ തൊടുപുഴ റിവര്‍ വ്യൂ ബൈപ്പാസ് റോഡിലും, റിങ്ക് മത്സരങ്ങള്‍ കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടത്തുന്നത്. പവര്‍ ലിഫ്ടിങ് മത്സരങ്ങള്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഷൂട്ടിങ് മത്സരങ്ങള്‍ മുട്ടം റൈഫിള്‍ ക്ലബ്, സൈക്ലിങ് റോഡ് മത്സരങ്ങള്‍ തൊടുപുഴ – രാമമംഗലം റോഡിലുള്ള അംങ്കംവെട്ടി മുതല്‍ അരിക്കുഴ വരെയുള്ള ഭാഗത്തുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിജയികളാകുന്ന കായിക താരങ്ങള്‍ക്കായി 750, 500, 300 ക്രമത്തില്‍ കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മെഡലുകളും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കും. പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും, ടീം മാനേജര്‍മാര്‍ക്കും ദിനബത്തയും നല്‍കും. വിജയികളാകുന്ന കായിക താരങ്ങളാണ് ദേശീയ സ്‌കൂള്‍ കായിക മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കായിക താരങ്ങള്‍ക്കുള്ള താമസ സൗകര്യം മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഷിജു കെ.ദാസ്, സുരേഷ് ബാബു, ജെയ്‌മോന്‍ പി.ജോര്‍ജ്ജ്, ഇ.ജെ.ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!