Thodupuzha

ഇല്ലിചാരി മലയില്‍ കണ്ട പുലിയെ പിടിക്കാന്‍ നടപടി

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി, അമ്പലപ്പടി ഭാഗത്ത് ഭീതി പരത്തുന്ന പുലിയെ പിടി കൂടുന്നതിനായുള്ള കൂട് ഇന്നെത്തിക്കും. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നായിരിക്കും കൂടെത്തിക്കുക. കൂടു സ്ഥാപിക്കാനുള്ള അനുമതി ചീഫ് വൈല്‍ഡ് വാര്‍ഡന്റെ ഓഫീസില്‍ നിന്നും ലഭിച്ചതായി തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ മാനുവല്‍ പറഞ്ഞു. പുലി തമ്പടിക്കുന്ന പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ ഇന്നു രാവിലെ തന്നെ ആരംഭിക്കും. കൂടു സ്ഥാപിക്കുന്നതിനു മുന്നോടിയായി വെറ്ററിനറി ഡോക്ടര്‍ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ ദിവസം വളര്‍ത്തു മൃഗങ്ങളെ കൊന്ന മേഖലയില്‍ റബര്‍ തോട്ടത്തിനടുത്തുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ പുലി ഉണ്ടെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയില്‍ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് പുലിയെ പിടി കൂടാനുള്ള നടപടിയാരംഭിച്ചത്. ഇല്ലിചാരിയില്‍ വളര്‍ത്ത് നായകള്‍ ഉള്‍പ്പെടെ 15 ഓളം വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചു കൊന്നത്. ഇതിനു പുറമെ പലരും അജ്ഞാത ജീവിയെ കണ്ടെങ്കിലും കാമറയില്‍ ചിത്രം പതിഞ്ഞതോടെയാണ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!