KudayathoorLocal Live

വീടുകളിലെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍

കുടയത്തൂര്‍ : വീടുകളിലെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തി വിദ്യാര്‍ത്ഥികള്‍. പരിസരത്തെ വീടുകളിലെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിന് നാഷണല്‍ സര്‍വ്വീസ് സ്‌കീം വാളണ്ടിയര്‍മാര്‍ കൈകോര്‍ത്തപ്പോള്‍ കുടയത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ഹരിതകേരളം ജല ഗുണതാ പരിശോധനാ ലാബിലേയ്ക്ക് ഒഴുകിയെത്തിയത് 50 വീടുകളിലെ ജല സാംപിളുകള്‍. ഹരിത കേരളം ജല ലാബില്‍ നിന്നും നല്‍കിയ പ്രത്യേക ബോട്ടിലുകളിലാണ് സമീപത്തെ വീടുകളില്‍ നിന്നും കുട്ടികള്‍ വെള്ളം ശേഖരിച്ചത്.ഓരോ വീടുകളിലും പോയി ഓരോരുത്തര്‍ എന്ന നിലയിലാണ് കുട്ടികള്‍ സാംപിളുകള്‍ ശേഖരിച്ചത്. വീട്ടുകാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും കുട്ടികള്‍ ജലപരിശോധനയുടെ നേട്ടങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ എല്ലാവരും സാംപിളുകള്‍ നല്‍കാന്‍ തയ്യാറായി.സാംപിള്‍ മാറിപ്പോകാതിരിക്കുന്നതിനായി ഓരോ കുപ്പിയിലും മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തി. പരിശോധനയുടെ വിശദാംശങ്ങള്‍ സ്‌കൂളില്‍ നിന്നും ലഭിക്കും. പരീക്ഷകളുടെയും മറ്റും തിരക്കുണ്ടെങ്കിലും സമയബന്ധിതമായി പരിശോധന നടത്തുമെന്ന് അധ്യാപകന്‍ ആനന്ദ് പറഞ്ഞു.

എന്‍എസ്എസിന്റെ കോര്‍ഡിനേറ്റര്‍ ഒ.വി.ഷൈനോജന്‍, ഹരിതകേരളം ജല ലാബിന്റെ ചുമതലയുള്ള രസതന്ത്രം അധ്യാപകന്‍ ആനന്ദ് എന്നിവര്‍ പ്രിന്‍സിപ്പല്‍ ജിസ് പുന്നൂസിന്റെ പിന്തുണയോടെയാണ് ജല സാംപിള്‍ ശേഖരണ പദ്ധതി തയ്യാറാക്കിയത്.ഹരിത കേരളം മിഷന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുടയത്തൂരിലടക്കം 35 പഞ്ചായത്തുകളില്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ജലഗുണതാ പരിശോധനാ ലാബുകള്‍ ആരംഭിച്ചത്. ബന്ധപ്പെട്ട എംഎല്‍എ മാരുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക ചെലവിട്ടാണ് ലാബുകള്‍ സ്ഥാപിച്ചത്. ഇവിടെ വെള്ളം പൊതുജനങ്ങള്‍ക്ക് സൗജന്യമായി പരിശോധിക്കാം.വെള്ളത്തിന്റെ നിറം, ഗന്ധം,പി.എച്ച്. മൂല്യം,ലവണ സാന്നിധ്യം,ലയിച്ചു ചേര്‍ന്ന ഖരപദാര്‍ഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നിവയാണ് പരിശോധിക്കാനാവുക.

 

Related Articles

Back to top button
error: Content is protected !!