Local Livevaazhakkulam

വാട്ടര്‍ ട്രാഷ് കളക്ടിംഗ് മെഷീന്‍ നിര്‍മ്മിച്ച് വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

വാഴക്കുളം : ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ വാട്ടര്‍ ട്രാഷ് കളക്ടിംഗ് മെഷീന്‍ നിര്‍മ്മിച്ച് വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. വാട്ടര്‍ ട്രാഷ് കളക്റ്റിംഗ് മെഷീന്‍ ലോഞ്ചിംഗ് കോളേജ് മാനേജര്‍ മോണ്‍.ഡോ. പയസ് മലേക്കണ്ടത്തില്‍ നിര്‍വഹിച്ചു. ജലസ്രോതസ്സുകളെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഫ്‌ലോട്ടിംഗ് മാലിന്യങ്ങളെ അനായാസം വൃത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കരയില്‍ നിന്ന് റിമോട്ട് കണ്‍ട്രോളറിന്റെ സഹായത്തോടെ നിയന്ത്രിക്കാവുന്ന മെഷീന്‍ ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂറോളം പ്രവര്‍ത്തിപ്പിക്കാം. കൂടാതെ സോളാറിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് മെഷീന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിട്ടുള്ള യന്ത്രത്തിന്റെ രൂപകല്പനയും, നിര്‍മ്മാണവും പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ റെജിന്‍ റെജി, മുഹമ്മദ് ഫഹദ്, നോയല്‍ മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് മെഷീന്‍ നിര്‍മ്മിച്ചത്. അധ്യാപകരായ ഡോ.അരുണ്‍ റാഫേല്‍, ബിജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ കോളേജ് ഡയറക്ടര്‍ ഡോ.പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. കെ കെ രാജന്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ഷണ്മുഖേഷ് കെ, വൈസ് പ്രിന്‍സിപ്പല്‍ സോമി പി മാത്യു, ഡോ. അരവിന്ദ് എസ്, ലീബ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!