IdukkiLocal Live

സൂര്യാഘാതം ; ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇടുക്കി : അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാളും കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാല്‍ ഇടുക്കിയിലെ ക്ഷീരകര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു . സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം . കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാന്‍ പാടുള്ളുവെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

വേനല്‍ക്കാലത്ത് ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാന്‍ നല്കണം.ഘരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക. പച്ചപ്പുല്ല് കുറവാണെങ്കില്‍ പച്ചിലകള്‍ , ഈര്‍ക്കില്‍ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.വേനല്‍ക്കാല ഭക്ഷണത്തില്‍ ഊര്‍ജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീന്‍ എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം.ധാതുലവണങ്ങളും വിറ്റാമിന്‍ മിശ്രിതവും നല്കണം.വൈക്കോല്‍ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളില്‍ മാത്രം.

വെയിലത്ത് തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടുകയോ മേയാന്‍ വിടുകയോ ചെയ്യരുത്. കൃത്രിമ ബീജധാനത്തിനു മുന്‍പും ശേഷവും ഉരുക്കളെ തണലില്‍ നിര്‍ത്തുക. മേല്‍കൂരയ്ക്ക് മുകളില്‍ ചാക്ക്, വയ്ക്കോല്‍ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം. എരുമകളെ വെള്ളത്തില്‍ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.

തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ മിസ്റ്റ് സ്പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാള്‍ ഫാന്‍ ) മുതലായവയും ഉപയോഗിക്കാം. തൊഴുത്തില്‍ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങള്‍ മറച്ചുകെട്ടാതെ തുറന്നിടണം. വളര്‍ത്തുമൃഗങ്ങളുടെ ട്രാന്‍സ്പോര്‍ട്ടേഷന് വെയിലിന്റെ തീവ്രത കുറഞ്ഞ രാവിലെയും, വൈകുന്നേരവുമായി പരിമിതപ്പെടുത്തുക. അമിതമായ ഉമിനീരൊലിപ്പിക്കല്‍ , തളര്‍ച്ച , പൊള്ളല്‍ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക.

 

Related Articles

Back to top button
error: Content is protected !!