Thodupuzha

ക്ഷേത്രങ്ങളില്‍ ഒരു മാസത്തിനിടെ രണ്ടാമതും മോഷണം:പിന്നില്‍ ഒരേയാളെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍

തൊടുപുഴ: നഗരത്തിനു സമീപത്തെ രണ്ടു ക്ഷേത്രങ്ങളില്‍ ഒരു മാസത്തിനിടെ  രണ്ടാം തവണയും പട്ടാപ്പകല്‍ മോഷണം. ആനക്കൂട് മുല്ലയ്ക്കല്‍  ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവ് ഓഫീസിനുള്ളില്‍ കയറി താക്കോല്‍ എടുത്ത് കാണിക്കവഞ്ചി തുറന്ന് പണം അപഹരിക്കുകയായിരുന്നു. വെങ്ങല്ലൂര്‍ നടയില്‍ക്കാവ് ക്ഷേത്രത്തില്‍ കയറി കാണിക്കവഞ്ചി അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കവര്‍ച്ച നടത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ് രണ്ടു ക്ഷേത്രങ്ങളിലും മോഷണവും കവര്‍ച്ചാ ശ്രമവും നടന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പും മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ഇതേ ദിവസം തന്നെ നടയില്‍ക്കാവ് ക്ഷേത്രത്തിലും മോഷ്ടാവ് എത്തിയിരുന്നു. അന്ന് മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതേ മോഷ്ടാവ് തന്നെയാണ് വീണ്ടുമെത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ മോഷണം നടന്നപ്പോള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പോലീസിനു പരാതി നല്‍കിയിട്ടും മോഷ്ടാവിനെ പിടികൂടിയിരുന്നില്ല.
ഇന്നലെ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് തന്നെയാണ് ഒരു മാസം മുമ്പ് ഉടുമ്പന്നൂരില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചു കടത്തിയതെന്നും സൂചനയുണ്ട്. തൊടുപുഴ എസ്.എച്ച്.ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളില്‍ എത്തി തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!