ChuttuvattomIdukkiThodupuzha

‘തിരികെ സ്‌കൂളില്‍’ പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കമാകും

തൊടുപുഴ: കുടുംബശ്രീ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന തിരികെ സ്‌കൂളില്‍ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലെയും പൊതു വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകളുടെ അതേ മാതൃകയില്‍ തന്നെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനാലാണ് പദ്ധതിയുടെ പേരു തന്നെ തിരികെ സ്‌കൂളിലേക്ക് എന്നായത്. പദ്ധതിയുടെ ജില്ലാതല തല ഉദ്ഘാടനം ഇന്ന് വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടം സ്‌കൂളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിർവ്വഹിക്കും. ഇതോടൊപ്പം ഓരോ സി.ഡി.എസിനു കീഴിലും പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കും.

പരിപാടി വിദ്യാലയ അന്തരീക്ഷത്തില്‍

കുടുംബശ്രീ സംഘടനാ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിവു പകരുന്നതിനു പുറമെയാണ് പ്രാദേശിക വിഭവങ്ങളെയും അതിന്റെ വിനിയോഗ സാധ്യതകളെയും കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നത്. ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെയാണ് പദ്ധതിയുടെ കാലയളവ്.  ഇതിനായി വിദ്യാലയങ്ങള്‍ക്ക് സമാനമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ക്ലാസ്. ഒരു ക്ലാസില്‍ 50 മുതല്‍ 60 വരെ കുടുംബശ്രീ അംഗങ്ങളയാണ് പഠിപ്പിക്കുന്നത്. ഒരു ദിവസം ഒന്നേകാല്‍ മണിക്കൂറുള്ള രണ്ട് ക്ലാസുകളും  45 മിനിറ്റുള്ള മൂന്നു ക്ലാസുകളും ഉണ്ടാകും.

ഒരു സി.ഡി.എസിന് കീഴില്‍ ഒരു സ്‌കൂള്‍

രാവിലെ അസംബ്ലിയോടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. പഠിതാക്കള്‍ ഉച്ചഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടു വരണം. ഉച്ചഭക്ഷണ സമയത്ത് അംഗങ്ങള്‍ക്ക് ചെറിയ തോതില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കും. പഠിതാക്കളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ബ്ലോക്ക് തലത്തില്‍ ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് മുതല്‍ ഇവര്‍ ക്ലാസ് എടുത്തു തുടങ്ങും. ഒരു സി.ഡി.എസിനു കീഴില്‍ ഒരു സ്‌കൂളിലെങ്കിലും പരിശീലന പരിപാടി സംഘടിപ്പിക്കാണ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികളുടെയും സ്‌കൂള്‍ പി.ടി.എയുടെയും  സഹകരണവും പദ്ധതിയ്ക്ക് ലഭിക്കും.

നൂതന തൊഴില്‍ സാധ്യതകള്‍ വളര്‍ത്തിയെടുക്കും

ഓരോ അയല്‍ക്കൂട്ടങ്ങളുടെയും പരിധിയില്‍ വരുന്ന പ്രദേശത്തുള്ള വിഭവങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി ഇവയെ കുറിച്ച് അംഗങ്ങളില്‍ കൃത്യമായ ധാരണ ഉണ്ടാക്കും. പിന്നീട് ഇവ ഉപയോഗപ്പെടുത്തി നൂതന തൊഴില്‍ സാധ്യതകള്‍ വളര്‍ത്തിയെടുക്കുന്നതിനെ സംബന്ധിച്ചും ക്ലാസെടുക്കും. പ്രകൃതി വിഭവങ്ങള്‍, കൃഷി, മൃഗസംരക്ഷണം, ടൂറിസം, മാനവവിഭവ ശേഷി തുടങ്ങിയ വിഭാഗങ്ങളിലാണ് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നത്. ഭാവിയില്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ ഇത് പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് നിർദ്ദേശം.

Related Articles

Back to top button
error: Content is protected !!