Idukki

വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കില്ലെന്ന് കേന്ദ്രം

ഇടുക്കി : കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെയും ഡീന്‍ കുര്യാക്കോസ് എംപിയുടെയും ചോദ്യത്തിന് വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാവുന്നത്. വന്യജീവി ആക്രമണം തടയുന്നതിന് പ്രത്യേക കേന്ദ്ര സഹായം തേടി കേരളം കര്‍മ്മപദ്ധതി സമര്‍പ്പിച്ചിരുന്നോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. കേന്ദ്ര പദ്ധതിയിലെ സഹായമായി 2023-24ല്‍ 9.21 കോടി രൂപ കേരളത്തിന് നല്‍കിയിട്ടുണ്ട്.വന്യജീവി ആക്രമണത്തിനിരയാകുന്നവര്‍ക്ക് നല്‍കുന്ന സഹായം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ 10 ലക്ഷം രൂപയും, ഗുരുതര പരിക്കേല്‍ക്കുന്നവര്‍ക്ക് 2 ലക്ഷം രൂപയും, നിസ്സാര പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സക്കായി 25000 രൂപയുമായി സഹായം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മറുപടിയില്‍ വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!