National

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യാഭാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുണ്ടെന്നും കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ് തട്ടിപ്പു നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. ക്രമക്കേട് നടന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അത് സമ്മതിച്ചിരുന്നില്ല. ആദ്യമായാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേര്‍ക്ക് സമയം ലഭിച്ചില്ലെന്ന കാരണത്താല്‍ എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേരുടെയും ഫലം റദ്ദാക്കാന്‍ തീരുമാനം ആയിരുന്നു. ഇവര്‍ക്ക് റീ ടെസ്റ്റ് നടത്താനുള്ള എന്‍ടിഎ സമിതി ശുപാര്‍ശയക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുവാദം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!