ChuttuvattomThodupuzha

നാടും നഗരവും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി

തൊടുപുഴ:  നാടും നഗരവും ഓണത്തെ വരവേൽക്കാനൊരുങ്ങി. സ്‌കൂൾ കുട്ടികൾക്ക് ഓണപ്പരീക്ഷ അവസാനിക്കുന്നതോടെ വരും ദിവസങ്ങളിൽ നാടും നഗരവുമെല്ലാം ഓണത്തിരക്കിലമരും. ആഘോഷത്തിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുന്ന ജോലികളും പൊതുസ്ഥലങ്ങളും മാർക്കറ്റുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. വിളവെടുപ്പ് ഉത്സവം കൂടിയായ ഓണാഘോഷത്തിനാവശ്യമായ പച്ചക്കറികളും ജില്ലയിലെ പല ഗ്രാമങ്ങളിലും തയ്യാറായി വരികയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറിയുൾപ്പെടെയുളള പച്ചക്കറികളും വിളവെടുപ്പിന് സജ്ജമായി. 18ന് സർക്കാരിന്റെ ഓണംവിപണികൾ ആരംഭിക്കാനാണ് തീരുമാനം. സിവിൽ സപ്ളൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണം ഫെയറുകൾക്ക് പുറമേ സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഓണം വ്യാപാരമേളകൾക്ക് തുടക്കമാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സർക്കാർ ജീവനക്കാർക്കും പരമ്പരാഗത തൊഴിൽ മേഖലകളിലുള്ളവർക്കും ഓണത്തിന് ബോണസും ശമ്പളവുമെത്തുന്നതോടെ ഈവർഷവും ഓണം കെങ്കേമമാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഓണക്കാലത്തെ പരമാവധി മുതലാക്കാൻ വ്യാപാരികൾ തയ്യാറെടുത്തു കഴിഞ്ഞു.

 

കച്ചവടം പൊടിപൊടിക്കും

കർക്കടകമാസത്തിൽ പതിവുള്ള ആടിസെയിലിന് ശേഷം പുതുമയാർന്ന ഓണക്കോടികളുമായാണ് തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ സജ്ജമായിരിക്കുന്നത്. അയൽ സംസ്ഥാനങ്ങളിലെ മില്ലുകളിൽ നിന്ന് ലോഡ് കണക്കിന് തുണിത്തരങ്ങളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. ഗൃഹോപകരണ വിൽപ്പനശാലകളും ഇലക്ട്രോണിക് ഉപകരണ വ്യാപാര കേന്ദ്രങ്ങളും തുണിക്കടകളും ഓണക്കച്ചവടത്തിനുള്ള സ്റ്റോക്ക് സംഭരണവും ഫെസ്റ്റിവൽ സ്റ്റാളുകളുമായി സജ്ജമായി തുടങ്ങി. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണ വിൽപ്പന കേന്ദ്രങ്ങളാണ് ആദ്യം ഒരുങ്ങിയത്. പ്രമുഖ ഇലക്ട്രോണിക് വ്യാപാര സ്ഥാപനങ്ങളിലെല്ലാം ബ്രാൻഡഡ് കമ്പനികളുടെ ലോഡ് കണക്കിന് ഉത്പന്നങ്ങൾ ഓണക്കച്ചവടത്തിനായി എത്തിക്കഴിഞ്ഞു. ഒന്നിനൊന്ന് സൗജന്യവും വിലക്കിഴിവുമുൾപ്പെടെ കമ്പനികളും ഷോപ്പുകളും ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!