ChuttuvattomMuttomThodupuzha

കലുങ്ക് അടഞ്ഞ് മലിനജലം റോഡില്‍; യാത്രക്കാര്‍ ദുരിതത്തില്‍

മുട്ടം: മുട്ടം ഈരാറ്റുപേട്ട റൂട്ടില്‍ മുട്ടം ഗവ. ആയുര്‍വേദ ആശുപത്രിയുടെ സമീപത്തെ കലുങ്ക് അടഞ്ഞതോടെ മലിനജലം റോഡിലൂടെ ഒഴുകുന്നു. ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് കുറുകെയുള്ള കലുങ്കാണ് അടഞ്ഞത്. ഓടയ്ക്കുള്ളില്‍നിന്നു മലിനജലം റോഡിലൂടെ ഒഴുകുന്നത് ചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കി. റോഡിലൂടെ ഒഴുകുന്ന മലിനജലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചിതറിത്തെറിക്കുകയാണ്. മഴ മാറിയാലും മാലിന്യം റോഡില്‍ തങ്ങുകയാണ്. മണ്ണും ചെളിയും മാലിന്യവും വന്ന് അടിഞ്ഞതാണ് കലുങ്ക് അടയാന്‍ കാരണം.

കലുങ്കിന് സമീപത്തെ ഓടയുടെ സ്ലാബും തകര്‍ന്ന് കിടക്കുകയാണ്.കഴിഞ്ഞ വര്‍ഷം ശക്തമായ മഴയില്‍ ഇതേ റോഡില്‍ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. ഓടയിലെ മാലിന്യം എത്രയും വേഗം നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.പ്രദേശത്ത് പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യം തുടരുന്നതിനിടെ ഇത്തരത്തില്‍ മലിനജലം റോഡിലൂടെ ഒഴുകുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പനി വരാനുള്ള സാധ്യത കൂട്ടുമെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

 

 

Related Articles

Back to top button
error: Content is protected !!