KudayathoorLocal Live

സംസ്ഥാന പാതയിലെ കലുങ്ക് കല്ലും മണ്ണും നിറഞ്ഞ് അടഞ്ഞു ; തടസം നീക്കി പ്രദേശവാസികള്‍

കുടയത്തൂര്‍ : സംഗമം ജംഗ്ഷന് സമീപം ഗവ. ന്യൂ എല്‍പി സ്‌കൂളിന് മുന്നില്‍ സംസ്ഥാന പാതയിലെ കലുങ്ക് കല്ലും മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞു. ഇതോടെ കലുങ്കിനടിയിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ച് ഗതാഗതം ദുഷ്‌കരമാവുകയും റോഡില്‍ വെള്ളം ഉയരുകയും ചെയ്തു.പ്രദേശവാസികളും സ്‌കൂള്‍ അധികൃതരും പഞ്ചായത്ത് അധികൃതര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ശക്തമായ മഴയില്‍ സമീപത്തെ സ്ഥലകളില്‍ നിന്നും വെള്ളം കലുങ്കിന്റെ ഭാഗത്തേക്ക് ഒഴുകിയെത്തും.

ബന്ധപ്പെട്ട അധികാരികള്‍ പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകാതിരുന്നതോടെ പ്രദേശവാസികള്‍ പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി. മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് റോഡിന് കുറുകെയുള്ള കലുങ്കിന്റെ ഭാഗമായ വലിയ പൈപ്പിലെ തടസങ്ങള്‍ നീക്കി. പിന്നീട് ചെളിയും കല്ലും നിറഞ്ഞ ഗര്‍ത്തത്തിലിറങ്ങി തടസങ്ങള്‍ പൂര്‍ണമായി നീക്കി. ഇതോടെ റോഡില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം പൂര്‍ണ്ണമായും കലുങ്കിന്റെ ഭാഗമായ വലിയ പൈപ്പിലൂടെ എതിര്‍ വശത്തുള്ള ഓടയിലൂടെ ഒഴുകി. ഒരു പറ്റം യുവാക്കളുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ മുട്ടൊപ്പം ചെളിവെള്ളം കെട്ടിക്കിടന്ന റോഡ് ശുചിയായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശവാസികളായ അനീഷ് , ജിജി എം. നായര്‍, സലിം , കബീര്‍, എം.എച്ച്. മൂസാക്കുട്ടി, സാജന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!