ChuttuvattomThodupuzha

വിലക്കയറ്റത്തിനനുസരിച്ച് തോട്ടം തൊഴിലാളികളുടെ ക്ഷാമബത്ത വര്‍ധിപ്പിക്കണം

തൊടുപുഴ: വിലക്കയറ്റത്തിന് അനുസരിച്ച് തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിൽ (ഡി.എ) വർദ്ധനയുണ്ടാകുന്നില്ലെന്നും 32 വർഷത്തിനിടെ കൂടിയത് വെറും രണ്ട് പൈസ മാത്രമാണെന്നും തോട്ടംതൊഴിലാളികൾ  പറഞ്ഞു. സംസ്ഥാന എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നിശ്ചയിക്കുന്ന വിലനിലവാര സൂചികയിലെ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് തോട്ടംതൊഴിലാളികളുടെ ക്ഷാമബത്തയിൽ വ്യത്യാസമുണ്ടാകേണ്ടത്. ഇക്കാര്യം വിവരവാകാശപ്രകാരമുള്ള ചോദ്യത്തിന് സംസ്ഥാന എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ വ്യക്തമാക്കുന്നുണ്ട്.

വകുപ്പ് എല്ലാ മാസവും 17 കേന്ദ്രങ്ങളായി വിലനിലവാര സൂചിക പ്രസിദ്ധീകരിക്കും. തോട്ടംതൊഴിലാളികളുടെ ക്ഷാമബത്ത നിശ്ചയിക്കുന്നത് എറണാകുളത്തെ വില സൂചികയടിസ്ഥാനത്തിൽ 343 സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വർധന അനുസരിച്ചാണ്. സൂചികയിലുണ്ടാകുന്ന വർദ്ധന അനുസരിച്ച് ക്ഷാമബത്തയിലും വ്യത്യാസമുണ്ടാകേണ്ടതാണ്. വിവരവാകാശപ്രകാരമുള്ള ചോദ്യത്തിന് 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഈ 343 സാധനങ്ങളുടെ വിലയിൽ 100 മുതൽ 140 ശതമാനം വരെ വിലവർദ്ധയുണ്ടായിട്ടുണ്ടെന്ന് വകുപ്പ് മറുപടി വ്യക്തമാക്കിയിട്ടുണ്ട്. 2002ൽ 400 ആയിരുന്ന സൂചിക (പോയിന്റ്സ് ) 2020ൽ 2050 ആയി. ഇക്കാലയളവിൽ 1650 സൂചികയാണ് (പോയിന്റ്സ് ) വർദ്ധിച്ചത്. ഇതനുസരിച്ച് 115.50 രൂപ ഓരോ തൊഴിലാളികൾക്കും കിട്ടേണ്ടതാണ്. എന്നാൽ ഈ വർദ്ധന തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് തോട്ടംതൊഴിലാളികൾ പറഞ്ഞു. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ (പി.എൽ.സി) ഒരു ട്രേഡ് യൂണിയനും ഇക്കാര്യം ആവശ്യപ്പെടാറില്ലെന്ന് തൊഴിലാളികൾ പറയുന്നു.

Related Articles

Back to top button
error: Content is protected !!