ChuttuvattomThodupuzha

തിരക്ക് വര്‍ധിച്ച് തൊടുപുഴയിലെ ജില്ലാ ആശുപത്രി; ജീവനക്കാരുടെ അഭാവം വെല്ലുവിളി  

തൊടുപുഴ: നിത്യേന നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് വെല്ലുവിളിയാകുന്നു. 2015ല്‍ തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണ്‍ ഇനിയും ഇവിടെ നടപ്പാക്കിയിട്ടില്ല. ജീവനക്കാരുടെ അഭാവം പലപ്പോഴും സേവനം ലഭ്യമാക്കുന്നതിനെയും ബാധിക്കുന്നുണ്ട്. ഇതോടൊപ്പം ജീവനക്കാരുടെ ജോലി ഭാരം വര്‍ധിക്കുന്നതായും പരാതിയുണ്ട്.

ഡോക്ടര്‍മാര്‍ മുതല്‍ ലാബ് ടെക്നീഷ്യന്‍ വരെ ആവശ്യത്തിനില്ല

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയില്‍ നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. എട്ടു ഡോക്ടര്‍മാരെങ്കിലും ഉണ്ടെങ്കിലേ കാഷ്യാലിറ്റിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നു ആശുപത്രി അധികൃതര്‍ പറയുന്നു. അസി. സര്‍ജന്റെ  തസ്തികയും ഇവിടെ സൃഷ്ടിച്ചിട്ടില്ല. ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം  ലഭ്യമല്ല. ന്യൂറോളജിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ എന്നിങ്ങനെ തസ്തികകളും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ലാബ്എക്സ്റേ ടെക്നിഷ്യന്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പ്രശ്നമായി തുടരുകയാണ്. ജീവനക്കാരുടെ അഭാവം മൂലം എക്സ്റേ യൂണിറ്റ്, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം വൈകിട്ട് 8 മണി വരെയാക്കി ചുരുക്കേണ്ടതായും വന്നു. ഇതു രോഗികളെ ഏറെ വലയ്ക്കുകയാണ്. എന്‍.എച്ച്.എം, എച്ച്.എം.സി വഴി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വലിയ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അധികൃതര്‍ പറയുന്നു.

ആവശ്യങ്ങള്‍ ഉന്നത അധികൃതര്‍ അറിയണം, നടപടി വേണം

ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി കിട്ടിയിട്ടില്ല. എട്ട് നില കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകള്‍ ഇതുമൂലം ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്. ഇതിനു മുന്നിലായുള്ള പഴയ ഒ.പി കെട്ടിടം പൊളിച്ചു മാറ്റുന്നതടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി ലഭിക്കൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റ് വേണ്ടിടത്ത് ഒരെണ്ണം മാത്രമാണുള്ളത്. റാമ്പ് ഇല്ലാത്തതിനാല്‍ രോഗികളെ കൊണ്ടുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

മെഷീനുകള്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ അഭാവം പ്രതിസന്ധി

സി.ടി സ്‌കാന്‍, മാമോഗ്രാം എന്നീ പരിശോധനകള്‍ക്കു മെഷീന്‍ സംവിധാനമുണ്ടെങ്കിലും റേഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പരിശോധനകള്‍ നടത്താനാകാത്ത സ്ഥിതിയാണ്. എക്സ്റേ യൂണിറ്റ്, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം വൈകിട്ട് എട്ട് മണി വരെയാക്കി ചുരുക്കിയത് രോഗികളെ വലയ്ക്കുന്നുണ്ട്. ജീവനക്കാരുടെ അഭാവമാണ് ഇതിനു കാരണമായി പറയുന്നത്. ജില്ലയില്‍ അപകടങ്ങള്‍ ഏറെയുണ്ടാകുന്ന മേഖലയാണ് തൊടുപുഴ. അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കുന്ന ട്രോമാ കെയര്‍ സംവിധാനം എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ട്. ദിവസവും ആയിരത്തിലേറെ രോഗികള്‍ എത്തുന്ന ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!