National

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്

ന്യൂഡല്‍ഹി : ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഇന്ത്യാ സഖ്യ യോഗവും ഇന്ന്

ലോക് സഭ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ഇന്ത്യ സഖ്യയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികള്‍ക്കും ക്ഷണമുണ്ട്. മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല.3ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യുടെ വസതിയിലാണ് യോഗം. ഫലം അനുകൂലമെങ്കില്‍ തുടര്‍ നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബിജെഡി ,വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി ചര്‍ച്ച നടന്നേക്കും. എക്‌സിറ്റ് പോള്‍ ഫലവും തുടര്‍ നീക്കത്തില്‍ പ്രധാനമാകും.അതേസമയം വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

Related Articles

Back to top button
error: Content is protected !!