IdukkiLocal Live

ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കം

ഇടുക്കി : കുറഞ്ഞ അളവില്‍ ജലം ഉപയോഗിച്ച് ഉയര്‍ന്ന കാര്‍ഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന കെ.എം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. കാമാക്ഷി പാറക്കടവ്-നെല്ലിപ്പാറ പ്രദേശത്ത് ആരംഭിക്കുന്ന ജില്ലയിലെ ആദ്യപദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ പാറക്കടവില്‍ നിര്‍വഹിച്ചു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമായി പ്രതിരോധിക്കാനും കുറച്ച് വെള്ളമുപയോഗിച്ച് കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും പര്യാപ്തമായ പദ്ധതിയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. മൈക്രോ ഇറിഗേഷന്‍ വഴി വിളകള്‍ക്ക് ആവശ്യമായ ജലം അവശ്യസമയത്ത് അവയുടെ വേരുപടലങ്ങളില്‍ കൈമാറ്റനഷ്ടം കൂടാതെ എത്തിക്കാനാവും. കൂടാതെ വളപ്രയോഗം ജലത്തിലൂടെ നല്‍കാന്‍ സാധിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള വളപ്രയോഗം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പ്രദേശത്തെ 47 ഏക്കര്‍ ഏലം കൃഷിക്ക് സുസ്ഥിര ജലസേചനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി 10 മീറ്റര്‍ വ്യാസവും 10 മീറ്റര്‍ ആഴവുമുള്ള കിണര്‍, ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണവും, 270 ചതുരശ്ര അടി വലിപ്പത്തിലുള്ള രണ്ടു പമ്പ് ഹൗസുകളുടെ നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ സി ഇ ഒ എസ്. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!