Local LiveMuttom

പൈപ്പ് സ്ഥാപിക്കാന്‍ വനം വകുപ്പിന്റെ അനുമതിയായി ; ഏറെ പ്രതീക്ഷയോടെ മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്ത് നിവാസികള്‍

മുട്ടം : മുട്ടം വില്ലേജ് ഓഫീസിന് സമീപത്ത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വനം വകുപ്പില്‍ നിന്ന് അനുമതിയായി. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്കുള്ള പൈപ്പ് ലൈന്‍ മലങ്കര അണക്കെട്ടിന്റെ കാച്ച് മെന്റ് ഭൂമിയിലൂടെ മാത്തപ്പാറ – അമ്പാട്ട് കോളനി – പ്രദേശത്ത് കൂടെ കടന്ന് മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള റോഡിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം. ഇതിന്‍ പ്രകാരം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസിന് സമീപത്തുള്ള ഭൂമിയിലൂടെ പൈപ്പ് ഇടുന്നതിനായി ജലജീവന്‍ മിഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ വനം വകുപ്പ് ഭൂമിയാണെന്ന് അവകാശപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

ഇതേ തുടര്‍ന്ന് അമ്പാട്ട് കോളനി മുതല്‍ വില്ലേജ് ഓഫിസിന് സമീപം വരെയുള്ള ഏകദേശം 1.18 കി. മീറ്ററോളം ദൂരത്തില്‍ മൂന്ന് പഞ്ചായത്ത് പ്രദേശത്തേക്കുള്ള സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍ ഏതാനും മാസങ്ങളായി സ്തംഭനാവസ്ഥയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കുടി വെള്ള പദ്ധതി നടപ്പിലാക്കുന്ന മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം എന്നിങ്ങനെ പഞ്ചായത്തുകളിലെ ജനങ്ങള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വനം വകുപ്പിന്റെ മുട്ടം റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണ ഉള്‍പ്പെടെയുള്ള സമരങ്ങളും വിവിധ തലങ്ങളില്‍ പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് വനം വകുപ്പിന്റെ ഭൂമിയില്‍ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ആവശ്യമായ ഫീസ് അടച്ച് ജോലികള്‍ പുന:സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി, വനം വകുപ്പ് അധികൃതര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. പ്രവര്‍ത്തികള്‍ പുന: സ്ഥാപിക്കാന്‍ വനം വകുപ്പില്‍ നിന്ന് ബുധനാഴ്ചയാണ് അനുമതി ലഭിച്ചത്. ഇന്നലെ മുതല്‍ മുട്ടം വില്ലേജ് ഓഫീസിന് സമീപത്തുള്ള പ്രദേശത്ത് ജോലികള്‍ ആരംഭിച്ചു. ഇതോടെ കുടി വെള്ള പദ്ധതിയുടെ പ്രവര്‍ത്തികള്‍ കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷ.

 

Related Articles

Back to top button
error: Content is protected !!