National

വാരാണസിയില്‍ മൂന്നാമങ്കത്തിനൊരുങ്ങി പ്രധാനമന്ത്രി, പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി :   പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 11.40 പ്രധാനമന്ത്രി പത്രിക സമർപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാനെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും മുതിർന്ന ബിജെപി നേതാക്കളും  എത്തിച്ചേർന്നിരുന്നു. വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയിൽ ഒപ്പുവെയ്ക്കാൻ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദളിത് വിഭാ​ഗങ്ങളിൽ നിന്നുള്ള വ്യക്തികൾ എന്നിവരാണ് മോദിയുടെ പത്രികയിൽ ഒപ്പുവെച്ചത്. നാമ നിർദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ആയിരുന്നു 5 കി.മി. നീണ്ട റോഡ് ഷോ. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!