IdukkiLocal Live

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളില്‍ കേരള ജനതയുടെ പിന്തുണ ശ്രദ്ധേയം ; മന്ത്രി റോഷി അഗസ്റ്റിന്‍ , ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

ഇടുക്കി : വിദ്യാഭ്യാസ മേഖലയിലെ കാലോചിത മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവിധം സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കേരള ജനത നല്‍കുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുമിളി ജിടിയുപി സ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കേരളം വിജയിച്ചു. ജനപിന്തുണയോടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഉയര്‍ന്നുവരുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്തുണ്ടായത്. പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും പഠിക്കാനുള്ള അവസരമുണ്ടായി. സാക്ഷരതായജ്ഞത്തില്‍ തുടങ്ങി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കുന്നു എന്നതാണ് ഈ സര്‍ക്കാറിന്റെ മുഖമുദ്ര. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് എതിരാളികളില്ലാത്തവിധം ഒന്നാമതാവാന്‍ കേരളത്തിന് കഴിഞ്ഞു. ഇക്കാലത്തിനിടയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൊഴിഞ്ഞ് പോക്കിന്റെ കാലഘട്ടമാണ് അവസാനിച്ചത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി. ഉറപ്പും വൃത്തിയുമുള്ള കെട്ടിടങ്ങള്‍, ക്ലാസ് മുറികള്‍, ലാബുകള്‍, വിദഗ്ധരായ അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളെ നയിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും പാഠപുസ്തക നവീകരണവും കേരളത്തിന്റ മുഖഛായ മാറ്റി.

അക്കാദമിക രംഗത്തെ നേട്ടങ്ങള്‍ക്കൊപ്പം പാഠ്യേതര രംഗത്തും കുട്ടികള്‍ നേട്ടം കൊയ്യുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മാറി. ഇക്കാലത്തിനിടയില്‍ അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായത്. അവധിക്കാല അധ്യാപക പരിശീലനവും വലിയ മാറ്റങ്ങളുണ്ടാക്കിയാതായി മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. കുമിളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രാരിച്ചന്‍ നീറണാംകുന്നേല്‍, ഉപവിദ്യാഭ്യാസ ഡയരക്ടര്‍ ഷാജി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി പ്രിന്‍സ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!