Idukki

അണക്കെട്ടുകളില്‍ ജലനിരപ്പ് 51 ശതമാനമായി കുറഞ്ഞു ; ഇടുക്കി അണക്കെട്ടില്‍ 48 ശതമാനം

മൂലമറ്റം : സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ അണക്കെട്ടുകളിലെ ജലനിരപ്പ് 51 ശതമാനമായി കുറഞ്ഞു. മഴ കുറവായിരുന്നതിനാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം കുറച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തുലാവര്‍ഷം ലഭിച്ചതുമില്ല. പ്രതീക്ഷിച്ചിരുന്ന വേനല്‍മഴയും കടാക്ഷിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2352.20 അടിയിലെത്തി. ഇത് പൂര്‍ണ സംഭരണ ശേഷിയുടെ 48 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 2348.68 അടി വെള്ളമാണ് അവശേഷിച്ചിരുന്നത്.

സംസ്ഥാനത്ത് മഴകുറവായിരുന്നതിനാല്‍ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം കുറച്ചതാണ് ജലനിരപ്പ് അധികം താഴാതെ നിലനില്‍ക്കാന്‍ കാരണമായത്. മഴക്കാലം എത്താന്‍ ഇനിയും രണ്ടര മാസം കൂടി കാത്തിരിക്കണം. ഇതിനിടെ തെരഞ്ഞെടുപ്പ് അടക്കം വരുന്നതിനാല്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരും. നാല് ദിവസമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലാണ്. സംസ്ഥാനത്തെ ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം 101. 18 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 83. 41 ദശലക്ഷം യൂണിറ്റും പുറം സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുകയാണ് ചെയ്തത്. 17.77 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചത്.ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് ഇന്നലെ 4.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!