Thodupuzha

ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം അധ്യാപക പരിശീലനം ആരംഭിച്ചു

തൊടുപുഴ: ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത ജില്ലാതല റിസോഴ്സ് പേഴ്‌സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടി ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. കുമിളി ഏലപ്പാറ പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്‌സന്‍മാരും ഇന്‍സ്ട്രക്ടര്‍മാരുമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കുമളി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍ കരീം, റിസോഴ്‌സ് പേഴ്സന്‍ ബെന്നി ഇലവുംമൂട്ടില്‍, അസി.കോ-ഓര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രതിനിധികളായ സനല്‍, രാജീവ്, ഗീത, ഗംഗ,വിനു പി ആന്റണി, പി.കെ ഗോപിനാഥന്‍, പ്രദീപ്, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, അടിമാലി, കുമിളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. എന്നാല്‍ 6000 ഓളം നിരക്ഷരരെയാണ് സര്‍വേയില്‍ കണ്ടെത്താനായത്. ഇവര്‍ക്ക് പ്രത്യേകം തയാറാക്കിയ സാക്ഷരതാ പാഠാവലിയുടെ സഹായത്തോടെ 120 മണിക്കൂര്‍ സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിക്കും. മൂന്നാര്‍ മേഖലാ പരിശീലന പരിപാടി 27 28 തീയതികളില്‍ നടക്കും.

 

Related Articles

Back to top button
error: Content is protected !!