ChuttuvattomThodupuzha

തൊടുപുഴ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍ തിങ്കളാഴ്ച്ച ആരംഭിക്കും

തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍ തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും എഫ്.എഫ്.എസ്.ഐ.യുടെയും സഹകരണത്തോടെയാണ് ഈ വര്‍ഷത്തെ മണ്‍സൂണ്‍ ചലച്ചിത്രമേള നടത്തുന്നത്. ബുധനാഴ്ച വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് തീയറ്ററില്‍ എല്ലാ ദിവസവും വൈകീട്ട് രണ്ടു പ്രദര്‍ശനങ്ങളാണുണ്ടാവുക. ചലച്ചിത്രകാരന്‍ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി രണ്ടു പ്രത്യേക പ്രദര്‍ശനങ്ങള്‍ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളുടെ പ്രദര്‍ശനങ്ങളും അതിജീവനം പ്രമേയമാക്കിയ സിനിമകളുടെ പാക്കേജുമാണ് ചലച്ചിത്രമേളയില്‍ അവതരിപ്പിക്കുന്നത്.തിങ്കളാഴ്ച്ച വൈകിട്ട് 5.45-ന് സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ നിര്‍മിച്ച ഡൈവോഴ്‌സ് (മലയാളം) മേളയുടെ ഉദ്ഘാടന ചലച്ചിത്രമായി പ്രദര്‍ശിപ്പിക്കും. രാത്രി എട്ടുമണിക്ക് തായ്-ഇംഗ്ലീഷ് സിനിമയായ ‘തേര്‍ട്ടീന്‍ ലൈവ്സ്’ ന്റെ പ്രദര്‍ശനം നടക്കും. ചൊവ്വാഴ്ച്ച വൈകീട്ട് 5.45-ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ അമേരിക്കന്‍ ചലച്ചിത്രം ‘ദി റവനന്റ്’ പ്രദര്‍ശിപ്പിക്കും. മൃണാള്‍ സെന്‍ ജന്മശതാബ്ദിയുടെ ഭാഗമായി രാത്രി 8.30-ന് ദേശീയ പുരസ്‌കാരം നേടിയ ഹിന്ദി ചലച്ചിത്രം ‘ബുവന്‍ ഷോം’ പ്രദര്‍ശിപ്പിക്കും. ബുധനാഴ്ച്ച വൈകിട്ട് 5.45-ന് മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ‘ബി 32 മുതല്‍ 44 വരെ’ (മലയാളം) എന്ന സിനിമയുടെ പ്രദര്‍ശനം നടക്കും. രാത്രി എട്ടിന് മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ദേശീയ പുരസ്‌കാരം നേടിയ ‘എക് ദിന്‍ അചാനക്’ എന്ന ഹിന്ദി സിനിമ സമാപനചലച്ചിത്രമായി പ്രദര്‍ശിപ്പിക്കും.തിങ്കളാഴ്ച അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പി.ജെ.ജോസഫ് എം.എല്‍.എ. മേളയുടെ ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായിക മിനി ഐ.ജി. പങ്കെടുക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന് ഫോണ്‍: 9447753482, 9447776524.

Related Articles

Back to top button
error: Content is protected !!