Thodupuzha

തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗം; ഭരണ കക്ഷി കൗണ്‍സിലറുടെ പ്രമേയം പിന്‍വലിച്ചു

തൊടുപുഴ: വ്യഴാഴ്ച നടന്ന തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ കക്ഷി കൗണ്‍സിലര്‍ ജെസി ആന്റണി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. ടൗണില്‍ പഴയ ഫോറസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന വസ്തുവില്‍ ഉള്‍പ്പെട്ട 30 സെന്റ് സ്ഥലം അംഗന്‍വാടി, പകല്‍വീട്, മുനിസിപ്പല്‍ ലൈബ്രറി എന്നിവ നിര്‍മിക്കാന്‍ വിട്ട് നല്‍കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടായിരുന്നു ജെസി ആന്റണി പ്രമേയം അവതരിപ്പിച്ചത്. ഫോറസ്റ്റ് ഓഫീസും ബസ് സ്റ്റാന്‍ഡും സ്ഥിതി ചെയ്യുന്ന വസ്തു മുമ്പ് റവന്യൂ ടവര്‍ നിര്‍മാണത്തിനായി മാറ്റി വെച്ചിരുന്നു. എന്നാല്‍ ഇത് നടക്കാതെ വന്നതോടെ ഇവിടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ആലോചിച്ചിരുന്നു. ഇപ്പോള്‍ വസ്തു തൊടുപുഴ നഗരസഭയുടെ കൈവശത്തിലാണെങ്കിലും റവന്യൂ പുറമ്പോക്ക് ആയിട്ടാണ് രേഖകളിലുള്ളത്. നഗരസഭയുടെ കൈവശമുള്ള വസ്തുവാണെന്നും ഇത് ഉപയോഗപ്പെടുത്തി ഇവിടെ മൈതാനം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് നഗരസഭ മുമ്പ് സര്‍ക്കാരിന് പ്രമേയം പാസാക്കി നിവേദനം നല്‍കിയിരുന്നു. ഈ വസ്തു നഗരസഭയുടെതാണെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നതാണ് പുതിയ പ്രമേയമെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ദീപക്കടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പ്രമേയം പിന്‍വലിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!