Thodupuzha

മൊബൈൽ ടവറിൻ്റെ എ.വി.ആർ മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

കാഞ്ഞാർ: പട്ടാപ്പകൽ മൊബൈൽ ടവറിൻ്റെ 250 കിലോ വരുന്ന എ.വി.ആർ (ഓട്ടോമാറ്റിക് വോൾട്ടേജ് റെഗുലേറ്റർ) മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. എറണാകുളം വെങ്ങോല കാരുവിളളി ഫൈസൽ (27), മിനികവല ഭാഗത്ത് കീടത്തുംകുടി അൻസാരി (32) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് അറക്കുളം അശോക കവലയിലാണ് മോഷണം നടന്നത്. പുത്തൻപുരയിൽ സുരേന്ദ്രൻ എന്നയാളുടെ ഉടമസ്ഥതയിൽ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ മൊബൈൽ കമ്പനിയുടെ ടവർ സ്ഥാപിച്ചിരിക്കുന്നത്. ടവർ കമ്പനിയുടെ തൊഴിലാളികൾ എന്ന വ്യാജേന പിക്ക് ജീപ്പുമായെത്തിയ മോഷ്ടാക്കൾ ഇരുവരും ചേർന്ന് എ.വി.ആർ വാഹനത്തിൽ കയറ്റി. തുടർന്ന് സുരേന്ദ്രൻ്റെ വീട്ടിലെത്തി വെള്ളവും കുടിച്ച ശേഷമാണ് മടങ്ങിയത്. ഏതാനും സമയം കഴിഞ്ഞ് മൊബൈൽ കമ്പനിയുടെ ടെക്നീഷ്യൻ വന്നപ്പോൾ എ.വി.ആർ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എ.വി.ആർ മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയെന്ന് വ്യക്തമായത്. ഉടൻ തന്നെ കാഞ്ഞാർ പോലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിർ പ്രതികളെ കുറിച്ച് സൂചന ലഭിച്ചില്ല. തുടർന്ന് അറക്കുളം മുതൽ വാഴക്കുളം വരെ 50 ഓളം സി.സി.ടി.വികൾ പരിശോധിച്ച് പ്രതികളുപയോഗിച്ച പിക്ക് അപ്പ് ജീപ്പിൻ്റെ നമ്പർ ലഭിച്ചു. ഇതിൽ നിന്നും ഉടമയെ കണ്ടെത്തിയപ്പോഴാണ് വാഹനം വാടകക്കെടുത്ത മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ വീടുകളിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികൾ എ.വി.ആർ പൊളിച്ച ശേഷം ഇരുമ്പ് പെരുമ്പാവൂരിലെ ഒരു കടയിലും ചെമ്പും അലുമിനിയവും മറ്റൊരു കടയിലും വിറ്റു. പ്രതികളിൽ ഒരാൾ അറക്കുളത്ത് മൊബൈൽ ടവർ പണിക്കായി എത്തിയ സ്ഥല പരിചയം വച്ചാണ് മോഷണം നടത്തിയത്. അറസ്റ്റിലായ പ്രതികളെ മോഷണം നടന്ന സ്ഥലത്തും പെരുമ്പാവൂരിലെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കാഞ്ഞാർ സർക്കിൾ ഇൻസ്പെക്ടർ ഇ.കെ. സോൾജി മോൻ, എസ്.ഐമാരായ കെ.പി. ഇസ്മയിൽ, ഉദയകുമാർ, എ.എസ്.ഐ അജിമോൻ, സി.പി.ഒ മാരായ അജിനാസ്, അനസ്, അജിംസ് സലിം എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!