Thodupuzha

റബറിന്‌ 200 രൂപ അടിസ്‌ഥാനവില നല്‍കണം: കാര്‍ഷിക വികസന ബാങ്ക്‌ യോഗം

തൊടുപുഴ: കേരളത്തിന്റെ നട്ടെല്ലായ കാര്‍ഷികമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന്‌ കാര്‍ഷിക വികസന ബാങ്ക്‌ പൊതുയോഗം ആവശ്യപ്പെട്ടു. റബര്‍, കുരുമുളക്‌, നാളികേരം എന്നിവ സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്‌. റബര്‍ക്കൃഷിയും റബര്‍ കര്‍ഷകനും നേരിടുന്ന കടുത്ത പ്രതിസന്ധി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. നമ്മുടെ രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ്‌. 11.50 ലക്ഷം റബര്‍ കര്‍ഷകര്‍ 5.45 ലക്ഷം ഹെക്‌ടര്‍ സ്‌ഥലത്ത്‌ കൃഷി ചെയ്യുന്നു.
കര്‍ഷകരില്‍ വലിയ ശതമാനം ആളുകള്‍ റബര്‍ പുനര്‍ക്കൃഷിക്ക്‌ തയാറാകാതെ മറ്റു പല കൃഷികളിലേയ്‌ക്കും മാറിയിരിക്കുന്നു. തൊഴിലാളികളെ വച്ച്‌ ടാപ്പിങ്‌ ലാഭകരമല്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ ടാപ്പിങ്‌ വേണ്ടെന്നു വച്ചിരിക്കുകയാണ്‌. 7.75 ലക്ഷം ടണ്ണാണ്‌ രാജ്യത്തെ ഉല്‍പാദനം. ആവശ്യകതയുടെ കണക്കുകാട്ടി യാതൊരു നിയന്ത്രണവുമില്ലാതെ ഇറക്കുമതിക്കും കേന്ദ്രം അനുമതി നല്‍കുന്നു. 5.45 ലക്ഷം ടണ്‍ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്‌തു. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയും രണ്ടിരട്ടിയും ഒക്കെയായി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വര്‍ധിച്ചപ്പോള്‍ 2011-ല്‍ 238 രൂപവരെ ലഭിച്ച റബറിന്റെ വിലയാണ്‌ ഇന്ന്‌ 140-ല്‍ എത്തിനില്‍ക്കുന്നത്‌. കര്‍ഷകര്‍ ഇത്തരം വലിയ പ്രശ്‌നങ്ങളെ നേരിടുമ്പോഴും 2025-ാം ആണ്ടോടെ 15 ലക്ഷം ടണ്‍ ആവശ്യകത കണക്കാക്കി വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ പ്രത്യേക സബ്‌സിഡി നല്‍കി റബര്‍ കൃഷി വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ ഭാഗത്തു നിന്നും നടത്തുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. കേരളത്തിലെ കര്‍ഷകര്‍ക്ക്‌ വര്‍ഷങ്ങളായി സബ്‌സിഡിയും പുനര്‍കൃഷി ആനുകൂല്യങ്ങളും നല്‍കാതിരിക്കുമ്പോഴാണ്‌ ഈ നിലപാട്‌ ബോര്‍ഡ്‌ സ്വീകരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ അനിയന്ത്രിതമായ ഇറക്കുമതി നയം തിരുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന്‌ ഈ യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക്‌ നല്‍കേണ്ട സബ്‌സിഡി നല്‍കുവാനും തീരുമാനമാകണം. വിലസ്‌ഥിരതാ പദ്ധതിപ്രകാരം അടിസ്‌ഥാന വില 200 രൂപയാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിക്കണം. കഴിഞ്ഞ 2 വര്‍ഷമായി റബര്‍ വില 160-തിനും 170-തിനും ഇടയില്‍ ആയിരുന്നതിനാല്‍ വിലസ്‌ഥിരതാ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും സംസ്‌ഥാന സര്‍ക്കാരിന്‌ ചെലവഴിക്കേണ്ടി വന്നിട്ടില്ല. കര്‍ഷര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം പാലിക്കുവാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ റോയി കെ.പൗലോസ്‌ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ബൈജു വറവുങ്കല്‍ പ്രസംഗിച്ചു. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത തൊടുപുഴ താലൂക്കിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത ബെന്നി നെടുമരുതുംചാലില്‍ അരിക്കുഴയ്‌ക്ക്‌ ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനത്തിനര്‍ഹനായ സാബു ഇ.ഡി. ഈട്ടിക്കലിന്‌ 5,000 രൂപയും മൂന്നാം സമ്മാനത്തിന്‌ അര്‍ഹനായ വര്‍ക്കി ഇടപ്പള്ളിക്കുന്നേലിന്‌ 3,000 രൂപയും നല്‍കി ആദരിച്ചു. 2021-22 വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷയില്‍ ഫുള്‍ എ – പ്ലസ്‌ നേടിയ ബാങ്കിലെ അംഗങ്ങളുടെ മക്കള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ പി.ജെ.അവിര, പി.എന്‍.സീതി, കെ.എം.സലിം, ആര്‍.ജയന്‍, ഷേര്‍ലി അഗസ്‌റ്റിന്‍, സഫിയ ജബ്ബാര്‍, രാജേഷ്‌.കെ, റ്റെസി ജോണി ബാങ്ക്‌ സെക്രട്ടറി ഹണിമോള്‍.എം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!