Thodupuzha

നഗരസഭയിലെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്  ഹരിത കര്‍മ സേനയുടെ രസീത്: പ്രതിഷേധാര്‍ഹമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഹരിത കര്‍മ സേനയുടെ രസീത് വേണം എന്നത് പ്രതിഷേധാര്‍ഹമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. നഗരമാലിന്യ നിര്‍മാര്‍ജനം നഗരസഭയുടെ ഉത്തരവാദിത്തമാണെന്നിരിക്കെ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിന് എത്തുന്ന ജനങ്ങളെ ഹരിതകര്‍മസേനയുടെ യൂസര്‍ ഫീസ് അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂവെന്നും ഇതിനായി യൂസര്‍ ഫീ രസീത് ചോദിക്കുകയും രസീത് ഇല്ലാത്തവരോട് ഒരു വര്‍ഷത്തെ യൂസര്‍ ഫീ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സേവനകാര്യങ്ങളില്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് പോലുള്ള കാര്യങ്ങള്‍ സേവനാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും അതിനെ മറ്റൊരു കാര്യം പറഞ്ഞ് വച്ച് താമസിപ്പിക്കുന്നത് നിയമപരമല്ലയെന്നും തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടികാട്ടി. ഇത്തരം നടപടികള്‍ പുനപരിശോധിച്ച് മുനിസിപ്പാലിറ്റി ജനപക്ഷത്തു നില്‍ക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി സജി പോള്‍, കെ. എച്ച് കനി, ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടില്‍, ഇ. എ അഭിലാഷ് സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!