Thodupuzha

വിദേശ ജോലി വാഗ്ദാനം ചെയ്ത്  തൊടുപുഴയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്  

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചതായി പരാതി. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് തൊടുപുഴയില്‍ ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ പരസ്യം കണ്ട ഉദ്യോഗാര്‍ഥികള്‍ ഫോണ്‍ വഴിയും അല്ലാതെയും ഓഫീസുമായി ബന്ധപ്പെട്ടു. ഗള്‍ഫ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പല തസ്തികളിലേക്കായി ജോലി ശരിയാക്കി നല്‍കാം എന്ന് പറഞ്ഞ് 50000 രൂപാ മുതല്‍ ഒരു ലക്ഷം വരെ പലരില്‍ നിന്നായി വാങ്ങി. ബാങ്ക് വഴി പണം കൊടുത്തവരാണ് കൂടുതലാളുകളും. നേരിട്ട് പണം കൊടുത്തവര്‍ക്ക് രസീത് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സ്ഥാപനത്തില്‍ ബന്ധപ്പെട്ടെങ്കിലും ആര്‍ക്കും വ്യക്തമായ മറുപടി ലഭിച്ചില്ല.കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയിട്ട നിലയിലാണ്. ഇതോടെയാണ് പണം നല്‍കിയവര്‍ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അറുപതോളം പരാതികള്‍ ലഭിച്ചതായും ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സെപെക്ടര്‍ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് ഇത്തരമൊരു തട്ടിപ്പുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ 17 സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ജോബ് റിക്രൂട്ട്മെന്റ് ഏജന്‍സി എന്ന് ബോര്‍ഡ് വച്ച ഈ സ്ഥാപനങ്ങള്‍ക്കൊന്നും ആളുകളെ വിദേശ ജോലിക്കായി റിക്രൂട്ട് ചെയ്യാന്‍ ലൈസന്‍സ് ഇല്ലായെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരമൊരു സ്ഥാപനത്തിന്റെ മറവിലാണ് ഇപ്പോള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!