Thodupuzha

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപാസ് അടപ്പിച്ചു

തൊടുപുഴ: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ തൊടുപുഴ പുഴയോര ബൈപാസ് ജില്ലാ കളക്ടര്‍ ഇടപെട്ട് അടപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നും ഗതാഗതം നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.എ. നസീര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച് നിമിഷങ്ങള്‍ക്കകം റോഡിലെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് അടച്ചു. ഒന്നര കിലോമീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലും നിര്‍മാണം പുര്‍ത്തിയായ പുഴയോര ബൈപാസ് റോഡും പുഴയുമായി രണ്ടരമീറ്റര്‍ അകലമേയുള്ളൂ. പുഴയും റോഡും തമ്മില്‍ വേര്‍തിരിക്കാന്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ല. റോഡ് മാര്‍ക്കിംഗുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, റിഫ്‌ളക്ടീവ് പോസ്റ്റുകള്‍, പാരപ്പറ്റുകള്‍ എന്നിവയും ഇല്ല. റോഡ് നിരപ്പില്‍നിന്നു 10 മീറ്റര്‍ താഴെ തൊടുപുഴയാറാണ്. സംരക്ഷണഭിത്തിയോടു ചേര്‍ന്ന് കരിങ്കല്‍കൂനയുമുണ്ട്.ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തിരിക്കുന്ന ഈ റോഡിലൂടെ രാത്രിയിലടക്കം അമിത വേഗത്തിലാണ് വാഹനങ്ങള്‍ പായുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ ദൂരക്കാഴ്ച ലഭിക്കില്ല. വാഹനങ്ങള്‍ നിയന്ത്രണംവിട്ട് പുഴയിലേക്കോ പുഴയില്‍ വെള്ളം കുറവുള്ള സമയങ്ങളില്‍ കരിങ്കല്‍ കൂനയിലേക്കോ മറിഞ്ഞാല്‍ വന്‍ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണതോതില്‍ റോഡ് സജ്ജമാകുന്നതുവരെ എല്ലാത്തരത്തിലുമുള്ള ഗതാഗതവും നിരോധിക്കണമെന്ന് ജില്ലാ റോഡ് സേഫ്റ്റി കണ്‍വീനര്‍കൂടിയായ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ റോഡ് അടിയന്തരമായി അടയ്ക്കാന്‍ തൊടുപുഴ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സി. എന്‍ജിനീയര്‍ ശൈലേന്ദ്രന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു

Related Articles

Back to top button
error: Content is protected !!