Thodupuzha

പൊതുസ്ഥലത്ത് മാലിന്യം  തള്ളിയ സംഭവം: 10000 രൂപ പിഴയീടാക്കി

തൊടുപുഴ: തൊടുപുഴ ടൗണില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ സേനയ്ക്ക് നല്‍കാനെന്ന പേരില്‍ കൊണ്ടുപോയി വഴിയോരങ്ങളില്‍ തള്ളിയ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് പിടികൂടി. ഇയാളുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. 10,000 രൂപ പിഴയീടാക്കി വിട്ടയച്ചു.

ഏഴല്ലൂരിന് സമീപം മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി ഷേര്‍ളി ജോണ്‍ മാലിന്യത്തിന്റെ ഉറവിടം അന്വേഷിച്ചു കണ്ടെത്തിയതോടെയാണ് ഓട്ടോറിക്ഷക്കാരന്‍ കുടുങ്ങിയത്.

കഴിഞ്ഞദിവസമാണ് പഞ്ചായത്തിലെ നാലാം വാര്‍ഡായ ഏഴല്ലൂര്‍ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. സെക്രട്ടറിയുടെ നേതൃത്വത്തിലെത്തി നടത്തിയ പരിശോധനയില്‍ മാങ്ങാട്ടുകവലയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങളാണ് പൊതുവഴിയില്‍ വലിച്ചെറിഞ്ഞതെന്ന് മനസിലായി. തുടര്‍ന്ന് കടയുടമയെ നേരില്‍ക്കണ്ട് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പിഴയടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. കടയില്‍ നിന്നുള്ള പ്ലാസ്റ്റിക്കുകള്‍ ഹരിതകര്‍മ സേനയ്ക്ക് നല്‍കുന്നതിന് ഓട്ടോക്കാരന്റെ പക്കല്‍ കൊടുത്തതാണെന്നും അതിന് 500രൂപ നല്‍കിയതായും ഇദ്ദേഹം രേഖാമൂലം മറുപടി നല്‍കി. കൂടാതെ കടയില്‍ നിന്നും പ്ലാസ്റ്റിക് എടുക്കുന്നതിന്റയും ചാക്കിലാക്കി ഓട്ടോയില്‍ കയറ്റുന്നതിന്റെയും വീഡിയോ-ഫോട്ടോകളും കൈമാറി. കെ.എല്‍.സി.എല്‍ 6662 നമ്പരിലുള്ള അല്‍ അമീന്‍ എന്ന ഓട്ടോറിക്ഷയിലാണ് മാലിന്യം കയറ്റിക്കൊണ്ടുപോയതെന്ന് മനസിലായതിനെ തുടര്‍ന്ന് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!