Thodupuzha

ജില്ലാ മാർച്ചും ധർണ്ണയും നടത്തും

തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ജീവനക്കാരുടെ വിവിധ സംഘടനകൾ സംയുക്തമായി ഡിസംബർ 20 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴയിൽ ജില്ലാ മാർച്ചും ധർണ്ണയും നടത്തും. പങ്കാളിത്ത പെൻഷന് ആധാരമായ പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, സർവ്വകലാശാലകളുടെ ജനാധിപത്യം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് നഗരം ചുറ്റി മുൻസിപ്പൽ മൈതാനത്ത് സമാപിക്കും.തുടർന്നു വിവിധ സർവീസ് സംഘടനാ നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്യും. മാർച്ചിന്റെ വിജയകരമായ നടത്തിപ്പിനായി ചെറുതോണി പോലീസ് സഹകരണ സംഘം ഹാളിൽ ചേർന്ന ജില്ലാ കൺവൻഷൻ കേരള എൻ ജി ഒ ഫ്രണ്ട് ജനറൽ സെക്രട്ടറി എസ് അശ്വനികുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. ഗോപകുമാർ ,കെ എസ് ടി എ സംസ്ഥാന കമ്മററിയംഗം സി. യേശുദാസ് എന്നിവർ പ്രസംഗിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ സി എസ് മഹേഷ് സ്വാഗതവും കെ ജി ഒ എ ജില്ലാ സെക്രട്ടറി റോബിൻസൺ പി ജോസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!