ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു.


ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഈശോ സഭാ വെെദികൻ ഫാ. സ്റ്റാൻ സ്വാമി (84) അന്തരിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയെ അറിയിച്ചത്.
എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്നാണ് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. 2020 ഒക്ടോബർ മുതൽ തടവിൽ കഴിയേണ്ടി വന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
ആരോഗ്യസ്ഥിതി പരിഗണിച്ച് ബോംബെ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തു. ചികിത്സയ്ക്കിടെ ശനിയാഴ്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് നില കൂടുതൽ വഷളാക്കി. ഇതാണ് മരണത്തിന് കാരണമായത്.
