പടുതകൊണ്ട് മറച്ച് കെട്ടിയ ഒറ്റമുറി ഷെഡില്‍ മൂന്ന് കുട്ടികളുമായി കഴിയുന്ന കുടുംബം അധികൃതരുടെ കനിവിനായി കേഴുന്നു


ചെറുതോണി: പ്ലാസ്‌റ്റിക്ക് പടുതകൊണ്ട് മറച്ച് കെട്ടിയ ഒറ്റമുറി ഷെഡില്‍ മൂന്ന് കുട്ടികളുമായി കഴിയുന്ന കുടുംബം അധികൃതരുടെ കനിവിനായി കേഴുന്നു.
കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണി പാലപ്ലാവ് മറ്റത്തില്‍ ഷാജിയും ഭാര്യ മെറിനും മൂന്ന് കുട്ടികളുമാണ് ദുരിത ജീവിതം നയിക്കുന്നത്.
2018ലെ കനത്ത മഴയിലും കാറ്റിലും ഷാജിയുടെ വീടിന്റെ ആസ്‌പെറ്റോസ് ഷീറ്റുകള്‍ കാറ്റെടുത്ത് നശിച്ചിരുന്നു. തുടര്‍ന്ന് പഴയ വീടിന് സമീപത്തായി താല്‍കാലിക ഷെഡ് നിര്‍മിച്ച് അതിലായിരുന്നു താമസിച്ചിരുന്നത്. 2018-ല്‍ വില്ലേജ്, പഞ്ചാത്ത് അധികാരികള്‍ക്ക് വീടിന് അപേക്ഷ നല്‍കിയെങ്കിലും നാളിതുവരെയായി വീട് ലഭിച്ചില്ല.
സ്‌ട്രോക്ക് വന്ന് തലയിലെ ഞരമ്ബു പൊട്ടിയ ഷാജിക്ക് ചെറിയ ജോലികള്‍ മാത്രമാണ് ചെയ്യാന്‍ കഴിയൂ.വാഴക്കുളത്തുള്ള പൈനാപ്പിള്‍ തോട്ടത്തില്‍ ജോലിക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നവരെ സഹായിക്കുകയാണ് ഇപ്പോള്‍ ജോലി.
മൂന്ന് കുട്ടികളെയും തനിച്ചാക്കി മെറിന് തൊഴിലുറപ്പ് ജോലിക്ക് പോലും പോകാനാകാത്ത അവസ്‌ഥയാണ്. താമസിക്കുന്നതിന് സമീപം വനപ്രദേശമായതിനാല്‍ രാത്രികളില്‍ ഭീതിയോടെയാണ് കഴിയുന്നത്.
അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നവുമായ് അധികാരികളുടെ കരുണ കാത്തിരിക്കുകയാണ് ഈ കുടുംബം.
