Thodupuzha

തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ  വ്യാജ പരാതി: തൊടുപുഴ പോലീസിനെ വട്ടംചുറ്റിച്ചു

തൊടുപുഴ: പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പോലീസിനെ വട്ടംചുറ്റിച്ചു. പ്രതികളെ തേടി പരക്കംപായുന്നതിനിടെ പരാതി വ്യാജമെന്ന് പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയതോടെ പോലീസിന് ആശ്വാസം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ഓപ്പണ്‍ സര്‍വകലാശാല സി.എ പരീക്ഷയെഴുതാന്‍ വാഴക്കുളത്ത് നിന്ന് തൊടുപുഴയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ പെണ്‍കുട്ടി തന്നെയാണ് ഒരു ബന്ധുവിനെ വിളിച്ച് തന്നെ ആരോ തട്ടിക്കൊണ്ടു പോയെന്നും കൈത്തണ്ട മുറിച്ചതിനു ശേഷം സ്വകാര്യ മെഡിക്കല്‍ കോളജിന് സമീപം ഉപേക്ഷിച്ചെന്നും അറിയിച്ചത്. തുടര്‍ന്ന് ബന്ധു തൊടുപുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തൊടുപുഴയില്‍ തെരച്ചില്‍ നടത്തി. നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. പോലീസിന്റെ പരിശോധന ഊര്‍ജിതമായതോടെ സംഗതി പന്തിയല്ലെന്ന് കണ്ട പെണ്‍കുട്ടി ഒടുവില്‍ അമ്മയോട് സത്യം പറഞ്ഞു. പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് പെണ്‍കുട്ടി സ്വയം കഥ ഉണ്ടാക്കിയത്. കൈത്തണ്ട സ്വയം മുറിച്ചതാണെന്നും പെണ്‍കുട്ടി സമ്മതിച്ചെന്നും മുറിവ് സാരമുള്ളതല്ലെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!