Moolammattam

എ.കെ.ജി തൂക്കുപാലം അപകടത്തില്‍; കോണ്‍ക്രീറ്റ്  പാലം നിര്‍മിക്കണമെന്ന ആവശ്യം

മൂലമറ്റം: വലിയാര്‍, നാച്ചാര്‍, പവര്‍ ഹൗസ് കനാല്‍ എന്നിവ ഒരുമിച്ച് ചേരുന്ന ത്രിവേണി സംഗമത്തിനു സമീപത്തെ മൂലമറ്റം എ.കെ.ജി തൂക്കുപാലത്തിന് സമീപം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ തൂക്കുപാലം ദ്രവിച്ച നിലയിലാണ്. നൂറുകണക്കിന് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന പാലമാണ് ഇത്. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി, ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം പോകുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ഇത്. ഈ പാലത്തിന്റെ ഒരു വശത്ത് എ.കെ.ജി കോളനി റോഡും എതിര്‍ വശത്ത് പഞ്ചായത്തിനു കീഴിലുള്ള അപ്രോച്ച് റോഡുമുണ്ട്. ഈ പാലം യാഥാര്‍ഥ്യമായാല്‍ കാഞ്ഞാര്‍ -മണപ്പാടി പി.ഡബ്ല്യു.ഡി റോഡു വഴി കൂവപ്പള്ളി , ഇലവീഴാപൂഞ്ചിറ വഴി കിലോമീറ്റര്‍ ലാഭത്തില്‍ ഈരാറ്റുപേട്ടയില്‍ എത്താനാവും. പുള്ളിക്കാനം , വാഗമണ്‍ ഭാഗത്തേക്ക് സമാന്തര പാതയായി ഇത് ഉപയോഗിക്കാനാവും. നിരവധി സഞ്ചാരികളും സിനിമ ഷൂട്ടിങ് സംഘങ്ങളും എത്തുന്ന ത്രിവേണി സംഗമത്തിനു സമീപം പാലം യാഥാര്‍ഥ്യമായാല്‍ ടൂറിസം വികസനത്തിനും മുതല്‍ക്കൂട്ടാവും. ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്ന പുതിയ പാലത്തിന് എട്ടു കോടിയും വലിയ വാഹനങ്ങള്‍ പോകുന്ന പാലത്തിന് 12 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ പുതിയ പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം പേര്‍ ഒപ്പിച്ച നിവേദനം നാട്ടുകാര്‍ മന്ത്രി റോഷി അഗസ്റ്റിയന് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!