Moolammattam

നാട്ടുകാര്‍ക്ക് കൗതുകമായി ജംബോ ജാക്കിയുടെ കാലി മേയ്ക്കൽ

മൂലമറ്റം: ഇത് ജംബോ ജാക്കി.. ചക്കിമാലി നെടുംകല്ലേല്‍ ജോണിയുടെ കാലികളെ മേയ്ക്കലാണിവന്റെ തൊഴില്‍. പേരുകേട്ട് വിദേശിയാണെന്നൊന്നും കരുതേണ്ട… ഇത് ജോണിയുടെ വളര്‍ത്ത് നായയാണ്. രാവിലെ പശുവിന്റെ കറവ കഴിഞ്ഞാല്‍ എട്ടോടെ ജംബോ തന്റെ ജോലി തുടങ്ങും. പശുക്കളും കിടാരിയുമായി കാട്ടിലൂടെ നാലുകിലോമീറ്റര്‍ അകലെ ഇടുക്കി ജലാശയത്തിന് അരുകിലുള്ള പുല്‍മേട്ടിലേയ്ക്കാണ് യാത്ര. കുളമാവ് ഡാമിന്റെ തീരപ്രദേശമായ വൈരമണി ഭാഗത്തേയ്ക്ക് വനത്തിലൂടെ ഇത്രയും ദൂരം കാലികളെ കൊണ്ടുപോയി മേച്ചു തിരികെ എത്തുമ്പോള്‍ വൈകിട്ട് ആറോടെയാകും. മഴയുള്ള ദിവസങ്ങളില്‍ ഇതിലും വൈകും. അതുവരെ രാവിലെ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് ജംബോയുടെ ആകെയുള്ള ആഹാരം. ഇടയ്ക്ക് ഡാമിലെ വെള്ളം അല്‍പ്പം കുടിച്ചെങ്കിലായി. വിശപ്പ്തീരെ സഹിക്കാന്‍ വൈയ്യാതെ വന്ന ചുരുക്കം ദിവസങ്ങളില്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചു തിരികെ പശുക്കളുടെ അടുത്തേയ്ക്ക് പോയിട്ടുമുണ്ട്. കിടാരികളെ ഉള്‍പ്പെടെ വളരെ കൃത്യമായി സംരക്ഷിച്ചു തിരികെ എത്തിക്കും. പശുക്കളില്‍ ഏതെങ്കിലും ഒന്ന് വിശപ്പ് മാറാതെ തിരികെ പോരാന്‍ വിസമ്മതിച്ചാല്‍ അതിന്റെ വിശപ്പടങ്ങും വരെ മറ്റു പശുക്കളെയും നിയന്ത്രിച്ചു നിര്‍ത്തി എല്ലാവരുമായിട്ടാണ് തിരികെ വീട്ടിലേയ്ക്കുള്ള യാത്ര. വീട്ടില്‍ എത്തിയാല്‍ ഭക്ഷണം കഴിച്ചു വീടിന്റെ കാവല്‍ ചുമതല ഏറ്റെടുക്കും. കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗ സാന്നിധ്യം അറിയിക്കുന്നത് ജംബോയുടെ ഉച്ചത്തിലുള്ള കുരയാണ്. ജോണി പശുക്കളെ കട്ടില്‍ കൊണ്ടുവിടാന്‍ പോകുമ്പോള്‍ കൂടെ പോയുള്ള പരിചയത്തില്‍ നിന്നാണ് ജംബോയുടെ കാലി മേയ്ക്കലിന്റ തുടക്കം. പിന്നീട് ഒരിക്കല്‍ ജോണിക്കു പോകാന്‍ കഴിയാത്ത ദിവസം സാധാരണ പോലെ പശുക്കളെ കാട്ടിലേയ്ക്ക് മേയാന്‍ അയച്ചു. അന്നും ജംബോ പശുക്കള്‍ക്കൊപ്പം പോയി. ജോണി വൈകിട്ട് ആവശ്യം സാധിച്ചു വൈകി തിരിച്ചെത്തിയപ്പോള്‍ പശുക്കളെയും കൊണ്ട് ജംബോ തിരികെ എത്തിയിരുന്നു. അന്നുമുതലാണ് ഈ ചുമതല പൂര്‍ണമായും ജംബോയുടെ ചുമതലയിലായത്. ഒരുവര്‍ഷത്തിലേറെയായി ഇപ്പോള്‍ ജംബോ തന്നെയാണ് കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും.

 

 

 

Related Articles

Back to top button
error: Content is protected !!