നിര്‍ധന യുവാവിന് മരുന്ന് വാങ്ങാന്‍ സഹായ ഹസ്തവുമായി പോലീസുകാര്‍


മുട്ടം: മരുന്ന് വാങ്ങാന്‍ സഹായം ചോദിച്ച് മുട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിന് സഹായഹസ്തവുമായി പോലീസുകാര്‍. മലങ്കര പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന ഉടുക്കാംപാളയം പ്രകാശ് മണിയാണ് (27) സഹായത്തിന് വേണ്ടി സ്‌റ്റേഷനില്‍ എത്തിയത്. 2019 മാര്‍ച്ചിലാണ് പ്രകാശിന്റെ ഒരു കിഡ്‌നി ശസ്ത്ര ക്രിയയിലൂടെ മാറ്റി വച്ചത്. 3 വയസ് പ്രായമുള്ളപ്പോള്‍ പ്രകാശിന് മൂത്രത്തില്‍ കല്ല് പിടിപെട്ടിരുന്നു. ഇതേ തുടര്‍ന്ന് കോട്ടയത്ത് ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും മാറിയില്ല. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കിഡ്‌നിക്ക് രോഗബാധ കണ്ടെത്തുകയും കിഡ്‌നി മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയ നടത്തുകയും ചെയ്തു. 50 വയസുള്ള അമ്മയാണ് കിഡ്‌നി നല്‍കിയത്. ശാസ്ത്ര ക്രിയ നടത്തിയെങ്കിലും ആഴ്ചയില്‍ 2600 രൂപയോളം മരുന്നിന് ചെലവ് വരും. ഇതിന് കഴിയാത്ത അവസ്ഥയിലായിരുന്നു പ്രകാശിന്റെ കുടുംബം. ഇത് നേരില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുട്ടം സ്‌റ്റേഷനിലെ ജീവനക്കാര്‍ 7500 രൂപയ്ക്കുള്ള രണ്ടാഴ്ചത്തേയ്ക്കുള്ള മരുന്ന് പ്രകാശിന് എത്തിച്ച് നല്‍കിയത്.
