Uncategorized

ഒത്തുചേര്‍ന്ന് രചിക്കുന്നു വൃത്തിയുള്ള കോളനി: ചെള്ളല്‍ കോളനി നിവാസികള്‍ പറഞ്ഞു തരും വൃത്തിയുടെ നല്ല പാഠങ്ങള്‍

തൊടുപുഴ: ആകെപ്പാടെ അഞ്ച് സെന്റ് സ്ഥലമേയുള്ളു, പിന്നെയെങ്ങനെയാ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക… കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു…ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍ അവര്‍ സമ്മതിക്കില്ല, കാരണം നാല് സെന്റുകാരായ കോളനിവാസികളെല്ലാം വീടുകളിലെ ഭക്ഷണാവശിഷ്ടവും മറ്റും സംസ്‌കരിച്ച് നല്ല വളമുണ്ടാക്കുന്നവരാണ്… ഇവിടുത്തെ താമസക്കാരിയും ഹരിതകര്‍മ്മ സേനാംഗവുമായ പൊട്ടന്‍പ്ലാക്കല്‍ ബിജിമോളാകട്ടെ ജൈവവളം മാര്‍ക്കറ്റ് ചെയ്യാനും തുടങ്ങി.സ്ഥലസൗകര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്നാണ് കോളനിക്കാരുടെ പക്ഷം.

 

ഹരിത കേരളത്തിന്റെ സമഗ്ര ജൈവമാലിന്യ സംസ്‌കരണ പരിപാടി ഒരു കോളനിയുടെ ചിത്രമാകെ മാറ്റി വരച്ച കഥയാണ് ചെള്ളല്‍ എസ്. സി കോളനിക്കാര്‍ പറയുന്നത്. 35 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കോളനി. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയായിരുന്നു ഇവിടെയും ശീലം. പ്ലാസ്റ്റിക്ക് കൂടുകളും കടലാസ്സും ചക്ക, മാങ്ങ തുടങ്ങിയവയെല്ലാം കോളനിയില്‍ പരിസരമാകെ ചിതറുമായിരുന്നു. ഇന്ന് വൃത്തിയുടെ കോളനിയായി മാറിയിരിക്കുകയാണ് ചെള്ളല്‍. പരിസരത്തൊന്നും വലിച്ചെറിഞ്ഞ നിലയില്‍ ഒന്നും കാണാനില്ല. പ്ലാസ്റ്റിക്കും മറ്റും ഹരിതകര്‍മ്മസേനയ്ക്ക് നല്‍കും.യൂസര്‍ഫീയും കൃത്യമായി കൊടുക്കും. ഭക്ഷണമാലിന്യങ്ങളുള്‍പ്പടെയുള്ളവ ബയോപോട്ടുപയോഗിച്ച് മികച്ച വളമാക്കും.വാര്‍ഡ് മെംബര്‍ സിനി ജസ്റ്റിനാണ് വാര്‍ഡിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനമെത്തിച്ചത്. പി ജെ ജോസഫ് എംഎല്‍എ ഇടപെട്ടായിരുന്നു ബയോപോട്ടുകള്‍ സൗജന്യമായി നല്‍കിയത്.

 

കോളനിയില്‍ 22 വീടുകളാണുള്ളത്.അതില്‍ താമസക്കാരില്ലാത്ത നാലിടത്തൊഴികെ എല്ലാ വീടുകളിലും ജൈവവളമുണ്ടാക്കുന്നുണ്ടെന്ന് ബിജിമോള്‍ പറഞ്ഞു. മുന്‍ വാര്‍ഡ് മെംബര്‍ കൂടിയ പടിഞ്ഞാറേക്കരയില്‍ സരസ്വതിയും കോളനിയിലെ തലമുതിര്‍ന്ന താമസക്കാരായ കുട്ടപ്പന്‍- ചിന്നമ്മ ദമ്പതികളുമെല്ലാം ബയോപോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയിരിക്കുന്നു.ഒന്നും വലിച്ചെറിയാതിരിക്കാന്‍ കോളനിക്കാരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്നു. വീടുകളിലെ കഞ്ഞിവെള്ളവും മറ്റും സമീപത്തെ ഒരു ക്ഷീരകര്‍ഷകന് കൊടുത്തൊഴിവാക്കുകയാണ്.

ഒരു കിലോ ജൈവവളത്തിന് 30 രൂപ!

ബയോപോട്ടുകളിലിടുന്ന ജൈവ മാലിന്യങ്ങള്‍ സാധാരണനിലയില്‍ 35 ദിവസം കൊണ്ട് നല്ല വളമായി മാറും. ഇവയുടെ ഗുണനിലവാരം അതിശയപ്പെടുത്തുന്നതായി ബിജിമോള്‍ പറയുന്നു. പച്ചക്കറിയ്ക്കും മറ്റ് കൃഷികള്‍ക്കുമൊക്കെയിട്ടപ്പോള്‍ വളര്‍ച്ച ശരവേഗത്തിലായിരുന്നു. ഉപയോഗ ശേഷം മിച്ചം വന്ന മുപ്പതുകിലോയോളം വളം കിലോയ്ക്ക് 30 രൂപാ നിരക്കില്‍ കച്ചവടമുറപ്പിച്ചതിന്റെ സന്തോഷത്തിലാണ് ബിജി. ”വെള്ളവും വെളിച്ചവും റോഡും തുടങ്ങിയെല്ലാ അടിസ്ഥാന സൗകര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു, മാലിന്യ പ്രശ്‌നമായിരുന്നു ഏക തലവേദന. ഇപ്പോള്‍ അതും പരിഹരിച്ചു”. ജലാംശമില്ലാതെ മാലിന്യങ്ങള്‍ ബയോപോട്ടില്‍ നിക്ഷേപിച്ചാല്‍ യാതോരു ദുര്‍ഗന്ധവുമുണ്ടാകില്ലെന്നും ബിജിമോള്‍ ഓര്‍മ്മിപ്പിക്കുന്നു.വെറുതെ വലിച്ചെറിയാതെയിരുന്നാല്‍ എല്ലാ മാലിന്യങ്ങളും പണമാണെന്നാണ് ബിജിമോളുടെ നിലപാട്.

Related Articles

Back to top button
error: Content is protected !!