കർഷകർക്കെതിരെ കേസ് :മുഖ്യമന്ത്രി ഇടപെടണമെന്ന് ഫ്രാൻസിസ് ജോർജ്


തൊടുപുഴ: വിവാദമായ മരംമുറി സംഭവത്തില്‍ വനം വകുപ്പ് കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു മുന്‍ എംപിയും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും പട്ടയം ലഭിച്ചതിനുശേഷം കിളിര്‍ത്തുവന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്ന നിലപാടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വകക്ഷി യോഗത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. ഇതു നടപ്പാക്കുന്നതിനുവേണ്ടി വ്യക്തവും കൃത്യവുമായ ഉത്തരവ് ഇറക്കുവാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.സര്‍വകക്ഷി യോഗത്തിലെ ഈ തീരുമാനം കൃത്യമായി നടപ്പിലാക്കുവാന്‍ കഴിയാതിരുന്നതു ഭരണപരമായ വീഴ്ചയാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പട്ടയ ഭൂമിയില്‍ തങ്ങള്‍ നാട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ച കര്‍ഷകരെ കേസില്‍ പ്രതിയാക്കുമെന്ന വനംവകുപ്പിന്റെ ഹീനമായ നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില് സര്‍ക്കാര്‍ വലിയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മുന്നറിയിപ്പുനല്‍കി.
കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനുള്ള വനം വകുപ്പിന്റെ ഉന്നതരുടെ നീക്കത്തിനെതിരേ മുഖ്യമന്ത്രി സത്വര നടപടി സ്വീകര്ക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.
