Thodupuzha

തൊടുപുഴ നഗരസഭ പരിധിയിലെ റോഡുകളുടെ  ശോച്യാവസ്ഥ പരിഹരിക്കും: ചെയര്‍മാന്‍

തൊടുപുഴ: നഗരസഭ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടനടി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. കാഞ്ഞിരമറ്റം ജങ്ഷനില്‍ പൈപ്പ് പൊട്ടിയിടത്ത് നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കാഞ്ഞിരമറ്റം ബൈപ്പാസ്, മങ്ങാട്ട്കവല ബൈപ്പാസ് എന്നിവിടങ്ങളില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പൊതുമരാമത്ത് അസി.എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നത്, കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകള്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതില്‍ വരുന്ന ഏകോപന കുറവാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാനപ്പെട്ട കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വിഷയം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. തൊടുപുഴ നഗരസഭാ പരിധിയിലെ പല റോഡുകളും ശബരി പദ്ധതിയില്‍പ്പെടുത്തി നവീകരിക്കുന്നതിനും 3.5 കോടി രൂപ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തിരമായി അനുവദിക്കുന്നതിന് പൊതുമരാമത്ത് മന്ത്രിയുമായി നേരിട്ട് കണ്ട് ആവശ്യം അറിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!