സ്ത്രീധന പീഡനത്തിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ക്യാമ്പയിനുമായി ഡിഎല്‍എസ്എ


ഇടുക്കി : സ്ത്രീധന പീഡനത്തിനെതിരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ക്യാമ്പയിന്റെ ജില്ലാതല വെബിനാര്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീന് പി.എ. അധ്യക്ഷതവഹിച്ചു. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോള്‍ പി.കെ. വിഷയാവതരണം നടത്തി. ജില്ലാ വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസി തോമസ്, തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ആശാ.കെ. മാത്യു എന്നിവര്‍ സംസാരിച്ചു. തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള 14 പഞ്ചായത്തുകളില്‍ നിന്നുള്ള 120 വനിത മെമ്പര്‍മാരും തൊടുപുഴ നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ക്യാമ്പയിന് ജില്ലയിലെ മറ്റ് താലൂക്കുകളില്‍ അടുത്ത ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
